കലകളുടെ രക്ഷാധികാരി

കലകൾക്കായി സമർപ്പിച്ച ജീവിതമായിരുന്നു ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയുടേത്. കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും കലാകാരന്മാരെ പിന്തുണയ്ക്കാനും അദ്ദേഹം എന്നും ശ്രമിച്ചിരുന്നു.

കലാസ്വാദനത്തിനപ്പുറത്തേയ്ക്ക് ചെന്നെത്തിയ പ്രവർത്തനങ്ങളിലൂടെ ചൊവ്വല്ലൂർ ഈ രംഗത്ത് മറ്റുള്ളവരിൽ നിന്നും വേറിട്ടുനിന്നു. കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരങ്ങളൊരുക്കാനും ആസ്വാദകരിലേയ്ക്ക് അവ എത്തിക്കാനുമുള്ള ശ്രമങ്ങൾക്ക് അദ്ദേഹം ഒരിക്കലും മുടക്കം വരുത്തിയില്ല. നാടകം മുതൽ വാദ്യമേളങ്ങൾ വരെ വിവിധമായ കലാസൃഷ്ടികൾ പ്രോത്സാഹിപ്പിക്കാൻ എന്നും മുന്നിലുണ്ടായിരുന്നു ചൊവ്വല്ലൂർ.

പത്രപ്രവർത്തനകാലത്ത് ജനശ്രദ്ധയിൽ നിന്ന് മാഞ്ഞുപോകുന്ന നാടൻ കലകളെയും കഷ്ടപ്പാടുകളുടെ ജീവിതം നയിക്കേണ്ടിവരുന്ന കലാകാരന്മാരെയും കുറിച്ച് സ്ഥിരമായി എഴുതുമായിരുന്നു ചൊവ്വല്ലൂർ. അവർക്ക് അർഹതപ്പെട്ട സഹായങ്ങളും പ്രോത്സാഹനങ്ങളും നേടിക്കൊടുക്കാൻ അദ്ദേഹത്തിൻ്റെ റിപ്പോർട്ടുകളും ലേഖനങ്ങളും ഏറെ സഹായിച്ചിട്ടുണ്ട്. മലയാള മനോരമയിലെ ലീഡർ പേജും മറ്റ് റിപ്പോർട്ടുകളും കഥകളി, ഓട്ടംതുള്ളൽ, കൂത്ത്, ചെണ്ടയുൾപ്പെടെയുള്ള വാദ്യമേളങ്ങൾ എന്നീ കലാരൂപങ്ങളുടെ ജനപ്രിയത വർദ്ധിപ്പിക്കുന്നതിലും ഇവ അരങ്ങിലെത്തിക്കുന്ന കലാകാരന്മാർക്ക് പിന്തുണ ഉറപ്പുവരുത്തുന്നതിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്. പ്രമുഖ വ്യക്തിത്വങ്ങളെ അംഗീകരിക്കുന്നതിനോടൊപ്പം വളർന്നുവരുന്ന കലാകാരന്മാർക്ക് ആവശ്യമായ പരിഗണന നൽകാനും അദ്ദേഹം എന്നും പ്രത്യേകം ശ്രദ്ധിച്ചു.

കേന്ദ സർക്കാറിൻ്റെ വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള ഒരു സ്കോളർഷിപ്പിൻ്റെ സഹായത്തോടെ കേരളത്തിൻ്റെ നാടൻ കലകളെ കുറിച്ച് ഗവേഷണം നടത്തിയിട്ടുണ്ട് ചൊവ്വല്ലൂർ. കേരള കലാമണ്ഡലം ചെയർമാനായ ഡോ. കെ. എൻ പിഷാരടിയുടെയും കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കാവാലം നാരായണ പണിക്കരുടെയും മേൽനോട്ടത്തിലാണ് പ്രബന്ധം തയ്യാറാക്കി സമർപ്പിച്ചത്.

കഥകളി കലാകാരന്മാരെയും സംഗീതഞ്ജരെയും കുറിച്ച് അദ്ദേഹം എഴുതി സംവിധാനം ചെയ്ത ഡോക്യുമെൻ്ററികൾ അവരുടെ കലയെയും ജീവിതത്തെയും മാത്രമല്ല കേരളത്തിൻ്റെ സമ്പന്നമായ ചരിത്രത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തുന്നുണ്ട്. കഥ പറയാനുള്ള അദ്ദേഹത്തിൻ്റെ അപാരമായ കഴിവും സംസ്കാരത്തെക്കുറിച്ച് ആഴത്തിലുള്ള അറിവും നമ്മുടെ സംസ്ഥാനത്തിൻ്റെ കലാരൂപങ്ങൾക്ക് വേണ്ട പ്രചാരവും ആഗോളതലത്തിലെ അംഗീകാരങ്ങളും നേടിക്കൊടുക്കാൻ സഹായിച്ചു.

കേരള സാഹിത്യ അക്കാദമിയുടെയും, സംഗീത നാടക അക്കാദമിയുടെയും അംഗം, കേരള കലാമണ്ഡലത്തിൻ്റെ വൈസ്-ചെയർമാൻ എന്നീ പദവികൾ കലാകാരന്മാരുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ അദ്ദേഹം ശ്രദ്ധിച്ചു. അതോടൊപ്പം, കേരളത്തിൻ്റെ തനത് കലകളെ കുറിച്ചുള്ള അവബോധവും അറിവും വിപുലമാക്കാനുള്ള നിരന്തര ശ്രമങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.

കല-വാദ്യമേള രംഗത്ത് മികവ് തെളിയിക്കുന്ന കലാകാരന്മാരെ വീരശൃംഗല പുരസ്കാരം നൽകുന്ന ചടങ്ങിനും നേതൃത്വം നൽകിയത് ചൊവ്വല്ലൂരാണ്.

ബഹുമുഖ പ്രതിഭയായ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയുടെ നിരന്തര ശ്രമങ്ങൾ കേരളത്തിൻ്റെ കല-സാംസ്കാരിക രംഗത്തെ പരിപോഷിപ്പിക്കുന്നതിനോടൊപ്പം പുതിയ കലാകാരന്മാരുടെ വളർച്ച ഉറപ്പുവരുത്തുകയും ചെയ്തു. കലകൾക്കായി മാറ്റിവച്ച അദ്ദേഹത്തിൻ്റെ ജീവിതം നമ്മുടെ കലാരംഗത്തിന് എന്നും പ്രചോദനമാണ്.

Image 1