സാഹിത്യം

എല്ലാ മേഖലകളിലെയും സാഹിത്യരൂപങ്ങളെ സമ്പന്നമാക്കിയ, മലയാളഭാഷക്ക് മുതൽക്കൂട്ടായ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയുടെ സർഗശേഷി അപാരമാണ്.
എഴുത്തുകാരന്‍, ഗാനചരചയിതാവ്, നാടകകൃത്ത്, നടന്‍, തിരക്കഥാകൃത്ത്, സംഭാഷണമെഴുത്തുകാരന്‍, ഡോക്യുമെൻ്ററി സംവിധായകൻ, തുടങ്ങി ചൊവ്വല്ലൂരിൻ്റെ കയ്യൊപ്പ് പതിയാത്ത ഭാവനാലോകം വളരെ ചുരുക്കമാണ്. ദൈവങ്ങളെയും അക്ഷരങ്ങളെയും കലകളെയും ആരാധിച്ച അദ്ദേഹത്തിൻ്റെ എഴുത്ത്, ലളിതമായ ഭാഷയിൽ ഏറ്റവും സങ്കീർണ്ണമായ വികാരങ്ങളെയും ആശയങ്ങളെയും വായനക്കാരിലേയ്ക്കെത്തിച്ചു.

കവിതയും നോവലും ചെറുകഥകളും നാടകങ്ങളും വിവർത്തനവും ഹാസ്യവും ഉൾപ്പെടെ 27 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് ചൊവ്വല്ലൂർ. ലോകമൊട്ടാകെയുള്ള മലയാളികൾക്ക് വായനയുടെ അനുഭൂതി പകരുന്നതിനോടൊപ്പം ആശ്വാസവും പ്രചോദനവുമായി മാറാൻ അദ്ദേഹത്തിൻ്റെ എഴുത്തിനു കഴിഞ്ഞു.

വളരെ അനായാസമെന്ന് തോന്നുന്ന രീതിയിൽ, പേപ്പറിൽ പേന നൃത്തം ചവിട്ടുന്നതുപോലെയാണ് ചൊവല്ലൂർ എഴുതിയിരുന്നത്. ജീവിതം തുടിക്കുന്ന കഥകളും ദൈവങ്ങളെ വർണ്ണിക്കുന്ന ഗാനങ്ങളും വ്യക്തികളെയും സംഭവങ്ങളെയും ഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്ന കുറിപ്പുകളും ആ പേനയിലൂടെ വായനക്കാരുടെ മുന്നിലെത്തി. പ്രകൃതിഭംഗിയും മനുഷ്യവികാരങ്ങളും വിഷയമാക്കിയ കവിതകളായാലും തീവ്രമായ അനുഭവങ്ങൾ അരങ്ങിലെത്തിച്ച നാടകങ്ങളായാലും സാമൂഹ്യ-രാഷ്ട്രീയ സംഭവവികാസങ്ങളെ ഫലിതരൂപേണ ചിത്രീകരിക്കുന്ന ഹാസ്യരചനകളായാലും ചൊവ്വല്ലൂരിൻ്റെ വാക്കുകൾ വിശുദ്ധി നിറഞ്ഞതായിരുന്നു എന്നതാണ് അദ്ദേഹത്തിൻ്റെ എഴുത്തിൻ്റെ സവിശേഷത.

എല്ലാ വായനക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലുള്ള എഴുത്താണ് മറ്റുള്ള പല സാഹിത്യകാരിൽ നിന്നും ചൊവ്വല്ലൂരിനെ വേറിട്ട് നിർത്തിയത്. ഉയർന്ന ബൗദ്ധിക നിലവാരമുള്ള രചനകൾക്കും സാധാരണ വായനക്കാരുടെ തലത്തിലുള്ള എഴുത്തുകൾക്കുമിടയിലുള്ള വിടവ് നികത്തുന്നതായിരുന്നു ചൊവ്വല്ലൂരിൻ്റെ സാഹിത്യസൃഷ്ടികൾ. ജീവിതത്തിൻ്റെ എല്ലാ മേഖലയിലുമുള്ളവർക്ക് ആസ്വദിക്കാനും ആഘോഷിക്കാനും കഴിയുന്ന അക്ഷരങ്ങളുടെ ഉൽസവമായിരുന്നു അവയെല്ലാം. ഇത് ഒരിക്കൽ പോലും അദ്ദേഹത്തിൻ്റെ വാക്കുകളുടെ മാറ്റ് കുറച്ചതുമില്ല. സാഹിത്യത്തിൻ്റെ സമ്പന്നതയും ആത്മീയതയുടെ അഗാധതയും ഒന്നുപോലെ ഇഴുകിച്ചേർന്നതായിരുന്നു ചൊവ്വല്ലൂരിൻ്റെ കഥകളും കവിതകളും.

കൗതുകകരമായ ഒരു കാര്യം എന്തെന്നാൽ, പ്രശസ്തമായ ചൊവ്വല്ലൂർ ശിവ ക്ഷേത്ര പരിസരമാണ് കൃഷ്ണൻ കുട്ടിയെ ചെറിയ പ്രായത്തിൽ തന്നെ സാഹിത്യത്തിൻ്റെ ലോകം പരിചയപ്പെടുത്തിക്കൊടുത്തത്. പാരമ്പര്യമായി ക്ഷേത്രത്തിൽ കഴകം ചെയ്യാനുള്ള അവകാശം ചൊവ്വല്ലൂർ വാര്യത്തിനായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും കഴകത്തിനെത്തുമായിരുന്നു ചൊവ്വല്ലൂർ. ജോലിയെല്ലാം ഒതുക്കി, അമ്പലത്തിലെ വിളക്കിൻ്റെ വെളിച്ചത്തിൽ പഠനവും തീർത്ത്, പൂജ കഴിയാനായി കാത്തിരിക്കുന്ന വൈകുന്നേരങ്ങൾ ചൊവ്വല്ലൂരിൻ്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായി മാറി. നല്ല വായനാശീലമുള്ള, സാഹിത്യത്തിൽ അതീവ തൽപ്പരനായ ബാലൻ മാരാരായിരുന്നു അമ്പലത്തിൽ ചൊവ്വല്ലൂരിൻ്റെ അന്നത്തെ കൂട്ട്. ചങ്ങമ്പുഴയുടെയും വൈലോപ്പിള്ളിയുടെയും കൃതികൾ ചൊവ്വല്ലൂരിന് പരിചയപ്പെടുത്തിക്കൊടുത്തത് ബാലൻ മാരാരാണ്. വിളക്കിൻ്റെ നാളത്തിൽ വായിച്ച മലയാളം കവിതകളും നോവലുകളുമാണ് ചൊവ്വല്ലൂരിനെ സാഹിത്യത്തിലേയ്ക്ക് ചേർത്തുനിർത്തിയത്.

സൗഹൃദങ്ങളും പ്രമുഖ വ്യക്തികളുമായുള്ള ഇടപഴകലും എഴുത്തുകാരൻ എന്ന നിലയിലുള്ള ചൊവ്വല്ലൂരിൻ്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. തൃശ്ശൂർ കേരള വർമ്മ കോളേജിലെ ഉപരിപഠനകാലത്ത്, ക്ഷേത്രകലകളിൽ പ്രാവീണ്യവും അറിവുമുള്ള നമ്പൂതിരി യുവാക്കളുടെ സഹവാസം ചൊവ്വല്ലൂരിന് കലയിലും സാഹിത്യത്തിലുമുള്ള അഭിരുചി വർദ്ധിപ്പിക്കാൻ സഹായിച്ചു. അതിനുപരിയായി, മാധവൻ അയ്യപ്പത്ത്, യൂസഫലി കേച്ചേരി, കെ.പി. ശങ്കരൻ, സിഎൽവി മേനോൻ, എം.ആർ ചന്ദ്രശേഖരൻ, എൻ. എൻ കക്കാട്, കെ.പി.പി നമ്പൂതിരി എന്നിവർ അന്ന് ക്യാമ്പസിലെ താരങ്ങളായിരുന്നു. കവിതകളും കഥകളും എഴുതാൻ ഈ കൂട്ടുകെട്ടും ചൊവ്വല്ലൂരിന് പ്രചോദനമായി.

1953-ൽ ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ മൽസരത്തിൽ സ്വർണ്ണ മെഡൽ നേടിയതും സാഹിത്യപരമായ കഴിവുകൾ മെച്ചപ്പെടുത്താനും കൂടുതൽ എഴുതാനുമുള്ള പ്രോത്സാഹനമായി ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിക്ക്.

കേരളത്തിലെ സാമൂഹ്യ-സാംസ്കാരിക രംഗത്ത് 1950-കളിൽ അലയടിച്ച മാറ്റങ്ങളുടെ കാറ്റ് ചൊവ്വല്ലൂരിൻ്റെ ജീവിതവഴികളിലും ചലനം സൃഷ്ടിച്ചു. പ്രത്രപ്രവർത്തനം തൊഴിലായി സ്വീകരിച്ചതോടെ, സംസ്ഥാനത്തിൻ്റെ രാഷ്ട്രീയ- സാഹിത്യ-സാംസ്കാരിക-കലാ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുമായുള്ള ചങ്ങാത്തങ്ങൾക്കും തുടക്കമായി. വൈക്കം മുഹമ്മദ് ബഷീർ, തകഴി, വയലാർ രാമവർമ്മ, പി. ഭാസ്കരൻ, എം.ടി എന്നിങ്ങനെ വിശാലമായി അദ്ദേഹത്തിൻ്റെ സുഹൃദ് വലയം. ഇക്കാലയളവിൽ ഏറെ സ്വാധീനം ചെലുത്തിയത് പ്രശസ്ത എഴുത്തുകാരനും വാഗ്മിയും രാഷ്ട്രീയപ്രവർത്തകനും മുൻ മന്ത്രിയുമായ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ ലേഖനങ്ങൾ കേട്ടെഴുതുന്ന ജോലിയാണ്. മുണ്ടശ്ശേരി മാഷിൻ്റെ ഭാഷയും വിവരണ ശൈലിയും വിശേഷണങ്ങളും പിന്നീടുള്ള വർഷങ്ങളിൽ ഒരു മികച്ച എഴുത്തുകാരനായി ചൊവ്വല്ലൂരിനെ വാർത്തെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

കലാലോകത്തെ ഈ പരിചയങ്ങളിലൂടെയാണ് ഗാനങ്ങളും നാടകങ്ങളും രചിക്കാനുള്ള അവസരം ചൊവ്വല്ലൂരിനെ തേടിയെത്തിയത്. വളരെ പെട്ടെന്നുതന്നെ ചൊവ്വല്ലൂൂർ ഈ മേഖലകളിൽ സ്വന്തമായൊരു മേൽവിലാസം സൃഷ്ടിച്ചുവെന്ന് മാത്രമല്ല, അദ്ദേഹത്തിൻ്റെ പ്രവർത്തന രംഗം കൂടുതൽ വിപുലമാകുകയും ചെയ്തു. എഴുതുന്നതിലെല്ലാം അദ്ദേഹത്തിൻ്റെ പ്രതിഭ തിളങ്ങിനിന്നു. ജീവിതത്തിൻ്റെ വിവിധ ഭാവങ്ങൾ പ്രതിഫലിപ്പിക്കുന്ന കഥാപാത്രങ്ങളാൽ സമ്പന്നമായിരുന്നു ചൊവ്വല്ലൂരിൻ്റെ രചനകൾ.

പുസ്തകങ്ങൾ രചിക്കുന്നതിനോടൊപ്പം മാതൃഭൂമി, ഭാഷാപോഷിണി, കലാകൗമുദി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ സ്ഥിരമായി എഴുതിയിരുന്നു ചൊവ്വല്ലൂർ.

മലയാള സാഹിത്യരംഗത്ത് തിളങ്ങുന്ന വ്യക്തിമുദ്ര പതിപ്പിച്ച ചൊവ്വല്ലൂർ പുതിയ എഴുത്തുകാർക്ക് എന്നും പ്രചോദനമാണ്. ലാളിത്യം നിറഞ്ഞ എഴുത്തിൻ്റെ നിർവചനമായ ചൊവ്വല്ലൂർ, കേരളത്തിൻ്റെ സമ്പന്നമായ പൈതൃകത്തിൻ്റെ ഭാഗം തന്നെയാണ്.

പ്രധാന കൃതികൾ