”ജീവിതത്തിൽ എന്തെല്ലാം നേടിയാലും എന്നും ശ്രീ ഗുരുവായൂരപ്പൻ്റെ കഴകക്കാരനായി അറിയപ്പെടാനാണ് എനിക്കിഷ്ടം.”
എഴുത്തുകാരൻ, പത്രപ്രവർത്തകൻ, കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, കലോപാസാകൻ എന്നിങ്ങനെ പല പേരുകൾ നൽകി മലയാളികൾ ആദരിക്കുന്ന ഈ ബഹുമുഖ പ്രതിഭയ്ക്ക് പക്ഷേ ഒരേയൊരു വിശേഷണം മാത്രമേ വേണ്ടു – കഴകക്കാരൻ. ഇഷ്ടദൈവത്തിൻ്റെ സേവകൻ.
ക്ഷേത്രങ്ങളുമായി ചേർന്നുനിൽക്കുന്ന ജീവിതമാണ് ചൊവ്വല്ലൂരിൻ്റേത്; പ്രത്യേകിച്ചും ഗുരുവായൂർ ക്ഷേത്രവും ചൊവ്വല്ലൂർ ശിവ ക്ഷേത്രവും. പാരമ്പര്യമായി കഴകത്തിന് അവകാശമുള്ള കുടുംബമായിരുന്നു ചൊവ്വല്ലൂർ വാരിയം. അമ്പലം ശുദ്ധമായി സൂക്ഷിക്കുന്നതും മാലകെട്ടുന്നതും വിളക്ക് കത്തിക്കുന്നതും അത്താഴപൂജയ്ക്ക് ശേഷം അമ്പലം ഭദ്രമായി പൂട്ടുന്നതും കഴകക്കാരുടെ ജോലിയുടെ ഭാഗമാണ്. ക്ഷേത്രത്തിലെ എല്ലാ പൂജകളും ചടങ്ങുകളും കൃത്യമായി നടക്കുന്നതിനു വേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്യുന്നതും കഴകക്കാരൻ തന്നെ.
കുടുംബത്തിന് പൈതൃകമായി ലഭിച്ച പരിപാവനമായ ഈ ഉത്തരവാദിത്തം ഏറ്റവും ഭക്തിയോടും വിശ്വാസത്തോടും കൂടിയാണ് ചൊവ്വല്ലൂർ നിറവേറ്റിയത്. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ മുത്തശ്ഛൻ, ചൊവ്വല്ലൂർ ശിവക്ഷേത്രത്തിന്റെ ഊരാള സ്ഥാനമുള്ള പുരാതനമായ മഴുവന്നൂർ മനയിലെ ശ്രീകുമാരൻ നമ്പൂതിരിയാണ്. ഊരാള സ്ഥാനമുള്ള ശ്രീകുമാരൻ നമ്പൂതിരിയാണ് ചൊവ്വല്ലൂർ ക്ഷേത്രത്തിലെ കഴകം ചൊവ്വല്ലൂർ വാരിയത്തേയ്ക്ക് അവകാശപ്പെടുത്തി കൊടുത്തത്. ഗുരുവായൂർ ക്ഷേത്രത്തിൽ പാരമ്പര്യമായി കഴകം നടത്താൻ ചൊവ്വല്ലൂർ വാരിയത്തെ അവകാശപ്പെടുത്തിയത് കോഴിക്കോട് സാമൂതിരിയാണ്.
സ്കൂൾ പഠനകാലത്തുതന്നെ എല്ലാ ദിവസവും ശിവക്ഷേത്രത്തിലെ കഴക ജോലികൾ ചെയ്തിരുന്നു ചൊവ്വല്ലൂർ. അന്ന് അമ്പലത്തിൽ ഒപ്പമുണ്ടായിരുന്ന ബാലൻ മാരാരാണ് സാഹിത്യകൃതികൾ ചൊവ്വല്ലൂരിന് പരിചയപ്പെടുത്തുന്നതും അദ്ദേഹത്തിൻ്റെ സാഹിത്യാഭിരുചിയുടെ തിരികൊളുത്തുന്നതും. ദൈവത്തെ സേവിക്കുക എന്ന കർമ്മവുമായി ചൊവ്വല്ലൂരിനുള്ള അഗാധമായ ആത്മബന്ധം അദ്ദേഹത്തിൻ്റെ ജീവിതത്തിലും എഴുത്തിലും തെളിഞ്ഞുനിൽക്കുന്നു.
അമ്പത്തിലെ പ്രതിഷ്ടയെക്കുറിച്ചുള്ള ഐതിഹ്യങ്ങളെയും വിശ്വാസങ്ങളെയും സംബന്ധിച്ച് ആഴത്തിലുള്ള അറിവുള്ളതിനാൽ എന്നും മറ്റുള്ളവരുടെ സംശയങ്ങളകറ്റുന്നതും ചൊവ്വല്ലൂരാണ്. ഗുരുവായൂരപ്പനെയും ചൊവ്വല്ലൂർ ശിവനെയും കുറിച്ച് താൻ പഠിച്ചറിഞ്ഞ കാര്യങ്ങളും കഥകളും മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടു. ക്ഷേത്രത്തിനുള്ളിൽ ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല അദ്ദേഹത്തിൻ്റെ കഴകജോലികൾ. ഇഷ്ടദേവനും ഭക്തർക്കുമിടയിലെ വിശ്വാസത്തിൻ്റെ പാലമായിരുന്നു ചൊവ്വല്ലൂർ.
ഈശ്വരനുമായി കാത്തുസൂക്ഷിച്ച ഈ ആത്മബന്ധം അദ്ദേഹത്തിൻ്റെ കവിതകൾക്കും ഗാനങ്ങൾക്കും കഥകൾക്കും ദൈവീകതയുടെ കയ്യൊപ്പ് നൽകി. ചൊവ്വല്ലൂരിനെ ആ കാലഘട്ടത്തിൽ മലയാളഭാഷയിൽ ഏറ്റവും ഭാവുകത്വം നിറഞ്ഞ കൃതികൾ രചിച്ച എഴുത്തുകാരനാക്കിയതും മറ്റൊന്നല്ല. കഴകം എന്ന സേവനത്തിലൂടെ കുടുംബത്തിൻ്റെ പൈതൃകം കാത്തുസൂക്ഷിച്ച അദ്ദേഹം ഒരു നാടിൻ്റെ സംസ്കാരവും തനിമയും പ്രചരിപ്പിക്കാൻ മുൻകൈയെടുക്കുകയും ചെയ്തു.