ചൊവ്വല്ലൂർ എന്ന പേരിൽ പ്രശസ്തനായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി 1936 ജൂലൈ മാസം 11-ന് ജനിച്ചു. ചൊവ്വല്ലൂർ വാരിയത്തെ പാറുക്കുട്ടി വാരസ്യാരും കൊടുങ്ങല്ലൂർ കോവിൽ വാരിയത്തെ ശങ്കുണ്ണി വാര്യരുമാണ് മാതാപിതാക്കൾ. കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ, ഏറെ പേരുകേട്ട ഗുരുവായൂർ ക്ഷേത്രത്തിന് സമീപമുള്ള ഒരു ഗ്രാമമാണ് ചൊവ്വല്ലൂർ. ശങ്കുണ്ണി വാര്യർ നിരവധി സ്കൂളുകളിൽ അദ്ധ്യാപകനും പ്രധാനാദ്ധ്യാപകനുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചൊവ്വല്ലൂർ ശിവക്ഷേത്രത്തിന്റെ ഊരാള സ്ഥാനമുള്ള ചിരപുരാതനമായ മഴവന്നൂർ മനയ്ക്കൽ ശ്രീകുമാരൻ നമ്പൂതിരിയുടെ പേരക്കുട്ടിയാണ് ചോവ്വല്ലൂർ കൃഷ്ണൻ കുട്ടി. ഊരാള സ്ഥാനമുള്ള ശ്രീകുമാരൻ നമ്പൂതിരിയാണ് ചൊവ്വല്ലൂർ ക്ഷേത്രത്തിലെ കഴകം ചൊവ്വല്ലൂർ വാരിയത്തേയ്ക്ക് അവകാശപ്പെടുത്തി കൊടുത്തത്. ഗുരുവായൂർ ക്ഷേത്രത്തിൽ പാരമ്പര്യമായി കഴകം (പത്ത് പ്രവൃത്തി) നടത്താൻ ചൊവ്വല്ലൂർ വാരിയത്തെ അവകാശപ്പെടുത്തിയത് കോഴിക്കോട് സാമൂതിരി രാജയാണ്.
കൂടുതൽ വായിക്കുകബഹുമുഖ പ്രതിഭയായിരുന്നു ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി. ജീവിതത്തിൻ്റെ ഓരോ നിമിഷവും ഏറ്റവും മികച്ചതാക്കണമെന്ന് വിശ്വസിച്ച, എല്ലാവർക്കും നന്മയുണ്ടാകണമെന്ന് ആഗ്രഹിച്ച ഒരു വ്യക്തി. കലാ സാഹിത്യ രംഗങ്ങളിലെ സ്വന്തം കഴിവുകൾ സമൂഹത്തിൻ്റെ ഉന്നമനത്തിനായി ഉപയോഗിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. പത്രപ്രവർത്തനം, ഡോക്യുമെൻ്ററി സംവിധാനം, ഭക്തിഗാനരചന തുടങ്ങി ഏത് പ്രവർത്തന മേഖലയിലും ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി പിന്തുടർന്ന ശൈലി തികച്ചും വേറിട്ടതായിരുന്നൂ. മൂവായിരത്തിലേറെ ഗാനങ്ങൾ രചിച്ച അദ്ദേഹത്തെ, “ഒരു നേരമെങ്കിലും കാണാതെ ” പോലെ ഹൃദയഹാരിയായ ഭക്തിഗാനങ്ങളുടെ സ്രഷ്ടാവ് എന്ന നിലയിലാണ് പലരും അറിയുന്നത്. പക്ഷേ, കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നടൻ എന്നീ നിർവചനങ്ങൾക്കപ്പുറമാണ് ചൊവ്വല്ലൂരിൻെറ സ്ഥാനം. അദ്ദേഹത്തിൻ്റെ മനസ്സ് സ്പർശിക്കാത്ത ഒരിടവും ഭാവനയുടെ ലോകത്ത് ഇല്ലായിരുന്നു എന്ന് തന്നെ പറയാം.
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി എന്ന ബഹുമുഖ പ്രതിഭയെത്തേടിയെത്തിയ അംഗീകാരങ്ങൾ അനവധിയാണ്. ഏറ്റവും മികച്ച നാടക ഗാനരചനയ്ക്കുള്ള കേരള സർക്കാറിൻ്റെ അവാർഡ്, ഹാസ്യ രചനയ്ക്കുള്ള കേരല സാഹിത്യ അക്കാദമി അവാർഡ്, മുംബൈ വസൈ ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ ലൈഫ്ടൈം അച്ചീവ്മെൻ്റ് അവാർഡ്, കേരള കലാമണ്ഡലത്തിൻ്റെ മുകുന്ദരാജ അവാർഡ് എന്നിങ്ങനെ സംഗീത-സാഹിത്യ മേഖലകളിൽ ചൊവ്വല്ലൂരിനു ലഭിച്ച പുരസ്കാരങ്ങളും ബഹുമതികളും ഒട്ടേറെയാണ്.
പത്രപ്രവർത്തനം മുതൽ നാടൻ കലകൾ വരെയുള്ള വിഭിന്നങ്ങളായ മേഖലകളിൽ തനത് വ്യക്തിമുദ്ര പതിപ്പിച്ച ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ ജീവിതചിത്രങ്ങളിലേയ്ക്ക് ഒരെത്തിനോട്ടം. കഴിഞ്ഞുപോയ കാലം, മണ്മറഞ്ഞ സ്ഥലങ്ങൾ, ആളുകൾ, ഒരിക്കലും ഓർമയിൽ നിന്ന് മായാത്ത നിമിഷങ്ങൾ…വിലമതിക്കാനാവാത്ത ചിത്രങ്ങളുടെ ഈ ശേഖരം, ഉൽസവം പോലെ ജീവിച്ച ഒരു വ്യക്തിയുടെ ലോകത്തിൽ നിന്നുള്ള കാഴ്ചകളാണ്