എൺപതാം പിറന്നാൾ നിറവിൽ ചൊവ്വല്ലൂർ

ഗുരുവായൂർ നാടിനും നാട്ടുകാർക്കും ഏറെക്കാലം ഓർമയിൽ സൂക്ഷിക്കാനുള്ള ഒരു ചടങ്ങായിരുന്നു ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയുടെ എൺപതാം പിറന്നാൾ ആഘോഷം. കലാകാരന്മാരുടെയും എഴുത്തുകാരുടെയും സിനിമാ പ്രവർത്തകരുടെയും സംഗീതജ്ഞരുടെയും മറ്റ് വിശിഷ്ടാതിഥികളുടെയും സാന്നിധ്യവും വൈവിധ്യമാർന്ന കലാ പ്രകടനങ്ങളും രണ്ടു ദിവസം നീണ്ടുനിന്ന ആഘോഷത്തിൻ്റെ മാറ്റുകൂട്ടി.

ചടങ്ങിൽ ഓർമകൾ പങ്കുവച്ചവരെല്ലാം, പത്രപ്രവർത്തനം മുതൽ ഭക്തിഗാനരചന വരെയുള്ള വിവിധ മേഖലകൾക്ക് ചൊവ്വല്ലൂർ നൽകിയ സംഭാവനകൾ എടുത്തുപറഞ്ഞു.

2016 ഓഗസ്റ്റ് 28, 29 തിയതികളിൽ നടന്ന ചടങ്ങിന് വേദിയായത് ഗുരുവായൂർ ടൗൺഹാളാണ്. സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ അനവധിപേർ ആഘോഷങ്ങളിൽ പങ്കെടുത്തു. ഔപചാരികമായ ചടങ്ങുകൾ തുടങ്ങും മുമ്പേ തന്നെ നടൻ മധുവും സംവിധായകൻ സത്യൻ അന്തിക്കാടും കുമ്മനം രാജശേഖരനും മറ്റും വീട്ടിലെത്തി ചൊവ്വല്ലൂരിന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു.

മേളക്കൊഴുപ്പേകിയ പഞ്ചവാദ്യത്തോടെയായിരുന്നു ചടങ്ങുകളുടെ തുടക്കം. അന്നമനട പരമേശ്വര മാരാർ, ചോറ്റാനിക്കര വിജയൻ, തിച്ചൂർ മോഹനൻ എന്നിവർ നേതൃത്വം നൽകിയ പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദം വേദിയിലെത്തി.

ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ച അസംബ്ലി സ്പീക്കർ ശ്രീരാമകൃഷ്ണൻ, പ്രാദേശിക ഭാഷ സംസ്കാരത്തിന്റെ വിളംബരവും മലയാള സംസ്കാരത്തിന്റെ പകർന്നാട്ടവുമാണ് ചൊവല്ലൂർ എന്ന് അഭിപ്രായപ്പെട്ടു.

മന്ത്രി വി. എസ്. സുനിൽ കുമാർ, കെ. വി. അബ്ദുൽ ഖാദർ എംഎൽഎ, തേറമ്പിൽ രാമകൃഷ്ണൻ, പ്രൊഫ. എം. മാധവൻകുട്ടി, മാതൃഭൂമി മാനേജിങ് എഡിറ്റർ പി. വി. ചന്ദ്രൻ, ആഞ്ഞം മധുസൂദനൻ നമ്പൂതിരി, തന്ത്രി അഴകത്തു ശാസ്ത്ര ശർമൻ നമ്പൂതിരി, ശ്രീ പി.പി.പി. നമ്പൂതിരി, ജയരാജ് വാരിയർ തുടങ്ങിയവർ ആദ്യ ദിവസത്തെ ചടങ്ങിലെ മുഖ്യാതിഥികളായിരുന്നു.

വൈകുന്നേരം ടി. എസ്. രാധാകൃഷ്ണനും സംഘവും അവതരിപ്പിച്ച ഭക്തിഗാനമേളയിൽ പ്രശസ്ത പിന്നണി ഗായകർ പി. ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ, ജയശ്രീ രാജീവ് എന്നിവരും സജീവ പങ്കാളികളായി. ചൊവല്ലൂരിന്റെ ” ഒരു നേരമെങ്കിലും കാണാതെ..” ഉൾപ്പടെ ഒട്ടേറെ ഭക്തിഗങ്ങൾ പാടിയ കെ. ജെ. യേശുദാസിൻ്റെ ദൈവീക ശബ്ദം കേൾക്കാനുള്ള അവസരവും ചടങ്ങിൽ പങ്കെടുത്തവർക്ക് ലഭിച്ചു. “കൃഷ്ണകൃപാസാഗരം” സമാദര സദസ്സ് നടക്കുന്നതിനിടെ ഫോണിലൂടെ യേശുദാസ് ചൊവ്വല്ലൂരിന് ആശംസ അർപ്പിച്ചത് പിറന്നാളാഘോഷത്തിൻ്റെ മധുരം ഇരട്ടിയാക്കി.

രണ്ടാം ദിവസം അഷ്ടപദി, കേളി, നാദസ്വരകച്ചേരി എന്നിവയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. അതിനുശേഷം പത്മശ്രീ പെരുമാനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ നടന്ന പഞ്ചവാദ്യത്തോടെ പിറന്നാൾ വേദിയിൽ ഉൽസവാന്തരീക്ഷമായി.

മാരാരുടെ നേതൃത്വത്തിൽ നടന്ന പഞ്ചവാദ്യം ചടങ്ങുകൾക്ക് മാറ്റ് കൂട്ടി. തുടർന്ന് മാധ്യമ – കല സാംസ്‌കാരിക സദസ്സ് മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. ഡോ. പി. മാധവ വാരിയർ (കോട്ടക്കൽ ആര്യ വൈദ്യശാല), പി. ഹരിദാസ് (ലണ്ടൻ) എന്നിവർ പങ്കെടുത്തു. ചൊവല്ലൂരിന്റെ എൺപതാം പിറന്നാൾ ആഘോഷതിൻ്റെ ഭാഗമായി പുറത്തിറക്കിയ എട്ട് പുസ്തകങ്ങളിൽ രണ്ടെണ്ണം ഈ വേദിയിൽ പ്രകാശിപ്പിച്ചു.

ഉച്ചക്ക് നടന്ന പിറന്നാൾ സദ്യയിൽ 1500ലേറെ അതിഥികൾ അതിനു ശേഷം അരങ്ങേറിയ പഞ്ചതായമ്പകക്ക് സർവ്വശ്രീ കല്ലൂർ രാമൻകുട്ടി മാരാർ, പോരൂർ ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

സ്നേഹവും ആദരവും നിറഞ്ഞുനിന്ന സുഹൃദ് സമ്മേളനമായിരുന്നു അടുത്ത പരിപാടി. സംവിധായകൻ ഷാജി. എൻ. കരുൺ, നടൻ വി.കെ. ശ്രീരാമൻ, മാടമ്പ് കുഞ്ഞുകുട്ടൻ, സംഗീത സംവിധായകൻ വിദ്യാധരൻ മാഷ്, ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് മേധാവി പി. വി. ഗംഗാധരൻ, ഗാനരചയിതാവ് ആർ.കെ. ദാമോദരൻ, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, പത്മശ്രീ കലാമണ്ഡലം ഗോപി, പി. ബാലറാം, പത്മശ്രീ ഡോ. പി. ആർ. കൃഷ്ണകുമാർ (കോയമ്പത്തൂർ ആര്യ വൈദ്യ ഫർമസി), എ. എസ്. മാധവൻ (ഫ്‌ളൈജക്, മുംബൈ) എന്നിവരായിരുന്നു പ്രധാന പ്രാസംഗികർ.

രണ്ടു ദിവസം നീണ്ടുനിന്ന ആഘോഷപരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ടു നടന്ന സമ്മേളനം എം.ടി വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു. ” ബഹുമുഖപ്രതിഭയെന്ന വിശേഷണത്തെ യാഥാർഥ്യമാക്കാൻ കഴിഞ്ഞ വ്യക്തിത്വമാണ് ചൊവല്ലൂർ” എന്ന് എം.ടി അഭിപ്രായപ്പെട്ടു.

ആർട്ടിസ്റ് നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടന്ന സമാപനച്ചടങ്ങിൽ “ഓർമകളുടെ ഉതിർമണികൾ” എന്ന ചൊവല്ലൂർ കൃതി എം. ടി. പ്രകാശനം ചെയ്തു. അതോടൊപ്പം പൗരാവലിയുടെ സ്നേഹോപഹാരവും അദ്ദേഹം ചൊവല്ലൂരിന്‌ നൽകി. രാത്രി കലാമണ്ഡലം ഗോപി അരങ്ങിലെത്തിയ “നളചരിതം നാലാം ദിവസം” കഥകളി സദസ്സിനും ആഘോഷത്തിനും തിളക്കം കൂട്ടി. കേരളത്തിൻ്റെ കലകളെയും സംസ്കാരത്തെയും എന്നും പ്രോത്സാഹിപ്പിച്ച ഒരു വ്യക്തിക്കുള്ള നാടിൻ്റെ ആദരം കൂടിയായി മാറി ഈ ആഘോഷം.

... ...
...

സാംസ്കാരിക പരിപാടി

ജന്മദിനാഘോഷത്തോടനുബന്ധിച്ച് നിരവധി സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയും പരിപാടിയെ പുതിയ തലത്തിലേക്ക് ഉയർത്തുകയും ചെയ്തു. പഞ്ചവാദ്യം, സംഗീതാർച്ചന, തായമ്പക, കഥകളി തുടങ്ങിയ കലാപരിപാടികൾ രണ്ടുദിവസങ്ങളിലായി നടന്നു.

...