കോഴിക്കോടിൻ്റെ കലാ-സാംസ്കാരിക രംഗം ഏറെ സജീവമായ 1960കളിലാണ് ആകാശവാണിയിലെ സ്റ്റാഫ് ആർട്ടിസ്റ്റായി ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി ഇവിടെയെത്തുന്നത്. പ്രശസ്തരായ എഴുത്തുകാരുടെയും നാടക-സിനിമാ പ്രവർത്തകരുടെയും കലാകാരന്മാരുടെയും താവളമായിരുന്നു അന്ന് കോഴിക്കോട്. അവരുടെ സൃഷ്ടികൾ കേരളത്തിൽ വലിയ ഓളങ്ങൾ സൃഷ്ടിച്ചിരുന്ന കാലം. ഭാവനയുടെയും കലോപാസാനയുടെയും ഈ അന്തരീക്ഷത്തിൽ എത്തിപ്പെട്ടതോടെ തൻ്റെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താനും ഉപയോഗപ്പെടുത്താനുമുള്ള അവസരവും ചൊവ്വല്ലൂരിന് ലഭിച്ചു.
ആകാശവാണിയിലെ സ്ഥിതിയും മറ്റൊന്നായിരുന്നില്ല. പ്രശസ്തരായ എഴുത്തുകാരും കലാകാരന്മാരുമായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്. ഉറൂബ് (പി.സി. കുട്ടികൃഷ്ണൻ), തിക്കോടിയൻ മാഷ്, പയ്യന്നൂർ പരമേശ്വര അയ്യർ, കെ.എ. കൊടുങ്ങല്ലൂർ എന്നിങ്ങനെയുള്ള പ്രതിഭകളുടെ കൂട്ടത്തിലേയ്ക്ക് ചൊവ്വല്ലൂരും എത്തി. ലളിതഗാന വിഭാഗത്തിൻ്റെ ചുമതല പ്രശസ്ത സംഗീത സംവിധായകനായ കെ. രാഘവനാണ്. അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം ചൊവ്വല്ലൂർ എഴുതിയ ഗാനങ്ങൾ ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി.
അക്കാലത്ത് എഴുതിയ ഒരു ഗാനത്തെക്കുറിച്ച് ചൊവ്വല്ലൂർ പറയുന്നത് ഇങ്ങനെയാണ്: ”ഒരിക്കൽ ആകാശവാണിയുടെ പ്രത്യേക വിഷു പ്രോഗ്രാമിന് വേണ്ടി ഒരു പാട്ട് വേണമെന്ന് രാഘവൻ മാസ്റ്റർ ആവശ്യപ്പെട്ടു. ഞാൻ എഴുതിയ ഒരു വിഷു പാട്ടിൻ്റെ ചിറകിൽ എന്ന ഗാനം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ഭക്തിഗാനം മാത്രമല്ല, പ്രണയഗാനം എഴുതാനും അറിയാമല്ലോ എന്ന് പറഞ്ഞു എന്നെ അഭിനന്ദിക്കുകയും ചെയ്തു.”
ആകാശവാണി പ്രക്ഷേപണം ചെയ്ത നാടകങ്ങൾക്കായി ശബ്ദം നൽകിയിട്ടുമുണ്ട് ചൊവ്വല്ലൂർ. ചന്ദുമേനോൻ്റെ പ്രശസ്ത നോവൽ ഇന്ദുലേഖ നാടകരൂപത്തിൽ അവതരിപ്പിച്ചപ്പോൾ സൂരി നമ്പൂതിരിപ്പാടായത് ചൊവ്വല്ലൂരാണ്.
ആകാശവാണിയിലെ ജോലിക്കാലവും കോഴിക്കോടിലെ സൗഹൃദക്കൂട്ടായ്മകളും കലാപരമായ കഴിവുകൾ മികച്ചതാക്കാൻ സഹായിച്ചതോടൊപ്പം സാഹിത്യവും സംഗീതവും അല്ലാതെയുള്ള മേഖലകളിൽ കൂടി ചൂടുവയ്ക്കാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പി ക്കുകയും ചെയ്തു.
കലാമണ്ഡലത്തിന് വേണ്ടി പ്രമുഖ കഥകളി കലാകാരന്മാരുടെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെൻ്ററികൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട് ചൊവ്വല്ലൂർ. കലാമണ്ഡലം രാമൻകുട്ടി നായർ, ചമ്പക്കുളം പാച്ചുപ്പിള്ള, കാവുങ്കൽ ചാത്തുണ്ണി പണിക്കർ, കീഴ്പാടം കുമാരൻ നായർ, കുടമാളൂർ കരുണാകരൻ നായർ എന്നിവർക്കൊപ്പം പ്രശസ്ത മോഹിനിയാട്ടം നർത്തകി കലാമണ്ഡലം കല്യാണിക്കുട്ടി അമ്മയും ഈ ഡോക്യുമെൻ്ററികളുടെ ഭാഗമാണ്.
ദൂരദർശന് വേണ്ടി കർണാടക സംഗീതത്തിലെ ഇതിഹാസമായ ചെമ്പൈ വൈദ്യനാഥ ഭാഗവരെ കുറിച്ച് ചെയ്ത ഡോക്യുമെൻ്ററിയും ചൊവ്വല്ലൂരിന് വളരെയേറെ അഭിനന്ദനങ്ങൾ നേടിക്കൊടുത്തു. കേരളത്തിൻ്റെ ഗ്രാമീണ ഭംഗിയെയും ഉൽസവങ്ങളെയും കുറിച്ച് നിരവധി ഗാനങ്ങളും ദൂരദർശന് വേണ്ടി അദ്ദേഹം എഴുതിയിട്ടുണ്ട്.
വളരെ സജീവമായിരുന്നു ചൊവ്വല്ലൂരിൻ്റെ കലാജീവിതം. അദ്ദേഹത്തിൻ്റെ അപാരമായ പ്രതിഭയുടെ തിളക്കം പതിയാത്ത കലാ-സാഹിത്യ-സാംസ്കാരിക മേഖലകൾ അപൂർവമാണ് മലയാളക്കരയിൽ.