സംഗീതം

ആത്മാവിനെ തൊടുന്ന, മനസ്സിൻ്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു സംഗീതാനുഭവം. അതായിരുന്നു ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയുടെ ഗാനങ്ങളെ വ്യത്യസ്തമാക്കിയത്, ദൈവീകതയിലേയ്ക്ക് ഉയർത്തിയത്. അഞ്ച് ദശാബ്ദത്തോളം നീണ്ടുനിന്ന സംഗീതവഴിയിൽ മൂവായിരത്തിലേറെ ഗാനങ്ങൾ എഴുതി ചൊവ്വല്ലൂൂർ, അതിൽ സിനിമാഗാനങ്ങളുണ്ട്, ലളിത ഗാനങ്ങളുണ്ട്, നാടക ഗാനങ്ങളും ആൽബങ്ങൾക്ക് വേണ്ടിയുള്ള ഗാനങ്ങളുമുണ്ട്, അതോടൊപ്പം ഏറ്റവും പ്രശസ്തമായ ഭക്തിഗാനങ്ങളും.

 

മലയളികളെ സംബന്ധിച്ചിടത്തോളം ഗുരുവായൂരപ്പൻ നിറഞ്ഞുനിൽക്കുന്ന ഒരു നേരമെങ്കിലും കാണാതെ വയ്യെൻ്റെ…ആയിരിക്കും ഏറ്റവും പ്രിയപ്പെട്ടത്. എങ്കിലും അദ്ദേഹമെഴുതിയ ഗാനങ്ങളെല്ലാം തന്നെ – ആകാശവാണിയിലൂടെ പുറത്തുവന്ന ലളിതഗാനങ്ങളായാലും സിനിമയിലെ പാട്ടുകളായാലും – ശ്രോതാക്കളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്, കാരണം അതിരുകളെ ഭേദിക്കുന്നതാണ് ആ വരികളുടെ ലാളിത്യവും അർത്ഥതലങ്ങളും.

ടെലിവിഷൻ വീടുകളിലെത്തുന്നതിനു മുൻപുള്ള ഒരു കാലത്ത് റേഡിയോയിലൂടെ ഒഴുകിവന്നിരുന്ന മനോഹര ഗാനങ്ങൾ ഇന്നും പലരുടെയും ഓർമയിലുണ്ട്. ഗാനരചന ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി എന്ന അറിയിപ്പും മിക്ക പാട്ടുകൾക്കൊപ്പമുണ്ടാകും. ചൊവ്വല്ലൂർ എഴുതിയ ഒരു വിഷുപ്പാട്ടിൻ്റെ ചിറകിൽ ഞാനിന്നലെ….പോലുള്ള ഗാനങ്ങൾ എന്നും മലയാളികളുടെ നൊസ്റ്റാൾജിയയാണ്.

സുഹൃത്തുക്കൾ അരങ്ങിലെത്തിച്ച നാടകങ്ങൾക്കും പ്രശസ്ത സംഗീത സംവിധായകൻ കെ. രാഘവൻ മാസ്റ്ററുടെ കീഴിൽ ആകാശവാണിക്കും പിന്നീട് സിനിമയ്ക്കും ആൽബങ്ങൾക്കുമെല്ലാം വേണ്ടിയുമെല്ലാം ചൊവ്വല്ലൂർ എഴുതിയത് അപാര സൗന്ദര്യമുള്ള കവിതകളായിരുന്നു. ഒരുപാട് വികാരങ്ങൾ മനസ്സിലുണർത്തുന്ന, ഒട്ടേറെ വിഷയങ്ങൾ പ്രതിപാദിക്കുന്ന, ജീവിതത്തിൻ്റെ മണമുള്ള കവിതകൾ. മനസ്സിനു ആശ്വാസം പകരാനും മുറിവുകളുണക്കാനും ചേർത്തുനിർത്താനുമുള്ള മാജിക് ആ വരികളിൽ നിറഞ്ഞുനിന്നു.

1976-ൽ തുലാവർഷം എന്ന ചിത്രത്തിനുവേണ്ടി ഗാനമെഴുതി ചൊവ്വല്ലൂർ സിനിമാരംഗത്തെത്തി. ആദ്യമായി ലഭിച്ച അവസരം പ്രശസ്ത സംഗീത സംവിധായകൻ സലീൽ ചൗധരിയുടെ ഈണത്തിന് ചേരുന്ന വരികൾ എഴുതാനായിരുന്നു. തുടക്കക്കാരൻ്റെ ആശങ്കകളോടെ എഴുതിത്തുടങ്ങിയ ചൊവ്വല്ലൂരിൻ്റെ ഒഴിഞ്ഞ മനസ്സിൽ നിന്ന് പുറത്തുവന്നതോ ഒരു ഹിറ്റ് ഗാനം, കഥയുടെ സത്ത് മുഴുവനായും ഉൾക്കൊള്ളൂന്ന ആ പാട്ട് എസ്. ജാനകിയുടെ ശബ്ദത്തിൽ ഇന്നും കേൾക്കാം – സ്വപ്നാടനം ഞാൻ തുടരുന്നു.. കലോപാസന എന്ന സിനിമയ്ക്ക് വേണ്ടി പി. ജയചന്ദ്രൻ പാടിയ ഉഷമലരികളുടെ നടുവിൽ എന്ന ഗാനവും ജനപ്രീതി നേടി.

നാടകത്തിലെ ഏറ്റവും മികച്ച ഗാനത്തിനുള്ള കേരള സർക്കാറിൻ്റെ അവാർഡ് 1991-ൽ ചൊവ്വല്ലൂരിന് ലഭിച്ചു. അഗ്രഹാരം എന്ന നാടകത്തിലെ ഗാനമാണ് ഈ ബഹുമതി നേടിക്കൊടുത്തത്.

പിന്നീടും നാടകങ്ങൾക്കും സിനിമകൾക്കും വേണ്ടി ഒട്ടേറെ പാട്ടുകൾ എഴുതിയെങ്കിലും ചൊവ്വല്ലൂരിനെ ജനപ്രിയനാക്കിയത് ദൈവികത നിറഞ്ഞുനിന്ന ഭക്തിഗാനങ്ങളാണ്. ഗുരുവായൂരപ്പൻ്റെ കറയറ്റ ഭക്തനായ ചൊവ്വല്ലൂർ, തൻ്റെ ആത്മീയാനുഭവങ്ങൾ പകർത്തിയ വരികളിൽ നിന്നു കൃഷ്ണ ഭഗവാൻ്റെ അഗാധമായ സ്നേഹവും വാൽസല്യവും കേൾവിക്കാരിലേയ്ക്ക് വഴിഞ്ഞൊഴുകുന്ന അപൂർവമായ അനുഭവം സൃഷ്ടിക്കുന്നുണ്ട്.

ദൈവീകഭാവവും ലാളിത്യവും കൊണ്ട് വേറിട്ടുനിൽക്കുന്ന അദ്ദേഹത്തിൻ്റെ ഭക്തിഗാനങ്ങൾക്ക് മലയാളത്തിലെ എല്ലാ പ്രമുഖ ഗായകരും ശബ്ദം നൽകിയിട്ടുണ്ട്. എല്ലാവരുടെയും ജീവിതത്തിലെ ദൈവിക സാന്നിധ്യത്തെ വാഴ്ത്തുന്ന ചൊവ്വല്ലൂരിൻ്റെ ഗാനങ്ങൾ മലയാള ഭാഷയുടെ അതിരുകൾക്കപ്പൂറമുള്ള പെരുമ നേടി എന്നതാണ് ശ്രദ്ധേയമായ വസ്തുത.

ഗുരുവായൂരപ്പൻ പറഞ്ഞുതരുന്നു, ഞാൻ എഴുതുന്നു എന്ന വിനയത്തോടെയാണ് ചൊവ്വല്ലൂർ എല്ലാം അംഗീകാരങ്ങളും പുരസ്കാരങ്ങളും സ്വീകരിച്ചിട്ടുള്ളത്.

കർണാടക സംഗീതാചാര്യനായ വി. ദക്ഷിണാമൂർത്തി, കെ. രാഘവൻ, ജയൻ (ജയവിജയ), ടി. എസ് രാധാകൃഷ്ണൻ, വിദ്യാധരൻ മാസ്റ്റർ, എം. ജയചന്ദ്രൻ, ശരത്ത്, പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, ഗംഗൈ അമരൻ എന്നിങ്ങനെ പ്രശസ്തരായ സംഗീത സംവിധായകരാണ് ചൊവ്വല്ലൂരിൻ്റെ ഭക്തിഗാനങ്ങൾക്ക് ഈണം നൽകിയിട്ടുള്ളത്.

ചൊവ്വല്ലൂരിൻ്റെ അഗാധമായ ഈശ്വരവിശ്വാസത്തിൻ്റെയും ഭക്തിയുടെയും പകർപ്പുകളാണ് അദ്ദേഹം രചിച്ച ഭക്തിഗാനങ്ങൾ. ദൈവികശക്തിയെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും ദൈവത്തിലേയ്ക്ക് അടുക്കാനും മനുഷർക്കിടയിലെ ഐക്യം ഊട്ടിയുറപ്പിക്കാനും ഈ വരികൾക്കും വാക്കുകൾക്കും കഴിഞ്ഞിട്ടുണ്ട്.

ഭക്തിഗാനങ്ങൾ

പാട്ട് കേൾക്കുക

സിനിമാ ഗാനങ്ങൾ

പാട്ട് കേൾക്കുക