ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയെക്കുറിച്ചുള്ള ഒരു ഓർമക്കുറിപ്പിൽ പേരുകേട്ട മാധ്യമപ്രവർത്തകനായ തോമസ് ജേക്കബ് എഴുതുന്നത്, 1984-ൽ വായനക്കാർക്കടയിൽ ഏറെ ശ്രദ്ധേയമായ ഒരു സാഹിത്യ മിമിക്രിയെക്കുറിച്ചാണ്. മലയാള മനോരമയിൽ ചൊവ്വല്ലൂർ എഴുതിയ ആ അനുകരണക്കുറിപ്പുകൾ ഒറിജിനലിനെ വെല്ലുന്നതായിരുന്നുവെന്നത് അക്ഷരങ്ങൾക്കുമേൽ ചൊവ്വല്ലൂരിനുണ്ടായിരുന്ന പ്രാഗൽഭ്യത്തിൻ്റെയും പ്രാവീണ്യത്തിൻ്റെയും മികച്ച തെളിവാണ്.
നാല്പത് വർഷത്തിലേറെ നീണ്ടുനിന്ന പത്രപ്രവർത്തനകാലത്ത് കല, സംസ്കാരം, സാഹിത്യം, പൈതൃകം എന്നിങ്ങനെയുള്ള ഒട്ടേറെ വിഷയങ്ങളിൽ ചൊവ്വല്ലൂർ എഴുതിയ റിപ്പോർട്ടുകളും ഫീച്ചറുകളും അടുത്ത തലമുറയിലെ മാധ്യമപ്രവർത്തകർക്കുള്ള മികച്ച മാതൃകകളായിരുന്നു. നാടൻ കലകൾ, കലാകാരന്മാർ, ഉൽസവങ്ങൾ, ആചാരങ്ങൾ, ആനകൾ, പുരാതനമായ ചടങ്ങുകൾ, ഗ്രാമജീവിതം എന്നിവയെക്കുറിച്ചുള്ള വാർത്തകളെല്ലാം അമൂല്യമായ റഫറൻസ് റിപ്പോർട്ടുകളാണ്, അതോടൊപ്പം ലളിതമായ, വസ്തുനിഷ്ഠമായ എഴുത്തിൻ്റെ ഉദാഹരണങ്ങളും. കേരളത്തിൻ്റെ സമ്പന്നമായ സംസ്കാരത്തിൻ്റെ വൈവിധ്യമാർന്ന കാഴ്ചകളാണ് പത്രത്തിൻ്റെ പേജുകളിലൂടെയും വാക്കുകളിലൂടെയും ചൊവ്വല്ലൂർ വരച്ചത്.
കോളേജ് പഠനകാലത്താണ് ചൊവ്വല്ലൂർ ഈ മേഖലയിലേയ്ക്ക് കടന്നുവരുന്നത്. നിർഭയ, സ്വതന്ത്ര പത്രപ്രവർത്തനത്തിൻ്റെ മാതൃകയായ നവജീവൻ പത്രം എഡിറ്ററും ചിന്തകനും സാഹിത്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖനുമായ പ്രൊ. ജോസഫ് മുണ്ടശ്ശേരിയുടെ സഹായിയായാണ് തുടക്കം. വിവിധ വിഷയങ്ങളെ കുറിച്ച് മുണ്ടശ്ശേരി മാഷ് പറഞ്ഞുകൊടുക്കുന്നത് കേട്ടെഴുതുന്നതായിരുന്നു ജോലി. തൻ്റെ ഭാഷയും എഴുത്തിൻ്റെ ശൈലിയും മിനുക്കി, ഒരു മികച്ച പത്രപ്രവർത്തകനാകാൻ ഈ കേട്ടെഴുത്ത് ഒരുപാട് സഹായിച്ചു എന്ന് ചൊവ്വല്ലൂർ പറയും. കേരളം കണ്ട ഏറ്റവും വലിയ പ്രതിഭകളിലൊരാളായ മാഷിൽ നിന്നു പഠിച്ച പാഠങ്ങൾ അപാരമായ കഴിവുകളുള്ള ഒരു എഴുത്തുകാരനായി ചൊവ്വല്ലൂരിനെ മാറ്റുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ഗുരുവായൂരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ സായാഹ്നപത്രമായ സ്വതന്ത്ര മണ്ഡപത്തിൻ്റെ എഡിറ്ററായപ്പോൾ തൻ്റെ പിൻ ഗാമികൾക്കായി മികവുറ്റ അനേകം മാതൃകകളാണ് ചൊവ്വല്ലൂർ സൃഷ്ടിച്ചത്. ഏറ്റവും പുതിയ വാർത്തകൾ പോലും ഉൾപ്പെടുത്തി വൈകുന്നേരത്തെ ചായ പോലെ ചൂടോടെ പത്രം കയ്യിലെത്തിച്ചിരുന്നത് ഗുരുവായൂരും തൃശ്ശൂരുമുള്ള പഴയ വായനക്കാർ ഇപ്പോഴും ഓർമിക്കുന്നുണ്ട്.
966-ൽ മലയാള മനോരമ കോഴിക്കോട് എഡിഷൻ ആരംഭിച്ചപ്പോൾ പത്രത്തിൽ ചേർന്ന ചൊവ്വല്ലൂർ 2004-ൽ വിരമിക്കുന്നതുവരെ ആ ജോലിയിൽ തുടർന്നു. സബ്എഡിറ്ററായി തുടങ്ങി പിന്നീട് ന്യൂസ് ഡെസ്ക് ചീഫും, ഒപ്പീനിയൻ/എഡിറ്റ് പേജ് എഡിറ്ററും അസിസ്റ്റൻ്റ് എഡിറ്ററുമായി ചൊവ്വല്ലൂർ.
കല, സംസ്കാരം, പൈതൃകം എന്നിവ സംബന്ധിച്ച വാർത്തകളും കേരളത്തിൻ്റെ തനതായ കലകളെയും കലാകാരന്മാരെയും കുറിച്ചുള്ള ഫീച്ചറുകളും എഴുതുന്ന ശൈലി മാറ്റിമറിച്ചത് ചൊവ്വല്ലൂരാണ്.
എക്സ്ക്ലൂസിവായ വാർത്തകൾ തേടിപ്പിടിക്കുന്ന അതേ ആവേശത്തോടെയാണ് കലാപരിപാടികളെയും സാംസ്കാരിക വിഷയങ്ങളെയും കുറിച്ച് അദ്ദേഹം എഴുതിയത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ കലാകാരന്മാരെയും രാഷ്ട്രീയ നേതാക്കളെയും സെലിബ്രിറ്റികളെയും മറ്റും മനോരമയ്ക്ക് വേണ്ടി ചൊവ്വല്ലൂർ ഇൻ്റർവ്യു ചെയ്തിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ നക്സൽ ആക്രമണം, ഇന്ദിരാഗാന്ധിയുമായുള്ള അഭിമുഖം എന്നിവ അദ്ദേഹത്തിൻ്റെ പത്രപ്രവർത്തന നേട്ടങ്ങളിൽ ചിലതാണ്.
കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, ചെണ്ടമേളം എന്നിങ്ങനെയുള്ള കലാരൂപങ്ങളും വാദ്യമേളങ്ങളും അവതരിപ്പിക്കുന്നവരെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുമായിരുന്നു ചൊവ്വല്ലൂർ. കലകളെക്കുറിച്ചുള്ള വായനക്കാരുടെ അറിവും താല്പര്യവും വർദ്ധിപ്പിക്കുന്നതോടൊപ്പം ഈ കലാകാരന്മാർക്ക് വേണ്ട പിന്തുണയും സഹായങ്ങളും സാംസ്കാരികതലത്തിലെ അംഗീകാരങ്ങളും നേടിക്കൊടുക്കാനും ചൊവ്വല്ലൂരിന് കഴിഞ്ഞു.
കേരളത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തതാണ് കടവല്ലൂർ അതിരാത്രത്തെക്കുറിച്ചുള്ള ചൊവ്വല്ലൂരിൻ്റെ റിപ്പോർട്ടുകൾ. ചലച്ചിത്രമേളകൾ മുതൽ കായിക മൽസരങ്ങൾ വരെ തനതായ ശൈലിയിൽ റിപ്പോർട്ട് ചെയ്ത് വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു.
കലകളെയും കലാകാരന്മാരെയും കുറിച്ച് എഴുന്നതിലുള്ള പ്രാവീണ്യം പോലെ പേരുകേട്ടതാണ് ഹാസ്യം എഴുതാനുള്ള ചൊവ്വല്ലൂരിൻ്റെ കഴിവ്. മറിമായം എന്ന പേരിൽ ആഴ്ച തോറും അദ്ദേഹം എഴുതിയിരുന്ന കോളത്തിന് ആരാധകർ ഏറെയായിരുന്നു.
പത്രത്തിൻ്റെ ഉടമസ്ഥരും മാനേജ്മെൻ്റും എഡിറ്റോറിയലിലെ സഹപ്രവർത്തകരും ജീവനക്കാരും മറ്റ് എഡിഷനുകളിലുള്ള സുഹൃത്തുക്കളും ഉൾപ്പെടൂന്ന മലയാള മനോരമ കുടൂംബവും ഊഷ്മളമായ തൊഴിൽ അന്തരീക്ഷവും ഒരു പത്രപ്രവർത്തകൻ എന്ന നിലയിലുള്ള ചൊവ്വല്ലൂരിൻ്റെ വളർച്ചയ്ക്ക് മികച്ച പശ്ചാത്തലമൊരുക്കാൻ സഹായിച്ചു.
ഭാരതീയ വിദ്യാഭവൻ നടത്തിയിരുന്ന ജേണലിസം കോഴ്സിൻ്റെ ഭാഗമായിരുന്നു ചൊവ്വല്ലൂർ. എല്ലാ ആഴ്ചയിലുമുള്ള ചൊവ്വല്ലൂരിൻ്റെ ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ഏത് വിഷയത്തെക്കുറിച്ചും ഹാസ്യത്തിൻ്റെ മേമ്പൊടിയോടെ സംസാരിക്കാനുള്ള കഴിവും പത്രപ്രവർത്തനത്തെക്കുറിച്ചുള്ള അഗാധമായ അറിവും അദ്ദേഹത്തെ ജേണലിസം വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അദ്ധ്യാപകനാക്കി.
മനോരമയിൽ നിന്ന് വിരമിച്ചശേഷവും പത്രപ്രവർത്തനം തുടർന്ന ചൊവ്വല്ലൂർ അനവധി മാസികകളുടെയും മറ്റ് പ്രസിദ്ധീകരണങ്ങളുടെയും പ്രസാധകസമിതിയിൽ അംഗമായിരുന്നു. പൊതുപ്രസംഗങ്ങളിലെ തെറ്റുകൾ ഹാസ്യരൂപേണ അവതരിപ്പിക്കുന്ന മൊഴി മറുമൊഴി എന്ന പംക്തി അദ്ദേഹം സാഫല്യം മാസികയിൽ കൈകാര്യം ചെയ്തിരുന്നു. ആചാര്യൻ എന്ന പേരിലാണ് ഈ കോളം എഴുതിയിരുന്നത്. നൊസ്റ്റാൽജിയ മാസികയുടെ പ്രസിദ്ധീകരണത്തിലും അദ്ദേഹത്തിൻ്റെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. ഗുരുവായൂർ ദേവസ്വത്തിൻ്റെ പ്രസിദ്ധീകരണമായ ഭക്തിപ്രിയയുടെ തുടക്കം മുതലേ എഡിറ്റോറിയലിൻ്റെ ഭാഗമായിരുന്നു ചൊവ്വല്ലൂർ.
വാർത്തകളുടെയും എഴുത്തിൻ്റെയും ലോകത്തിൽ നിന്ന് ഒരിക്കലും വിരമിക്കാത്ത ചൊവ്വല്ലൂർ അവസാന നാളുകളിൽ പോലും എഴുതിയ വരികളിൽ അക്ഷരങ്ങളോടൂള്ള അദ്ദേഹത്തിൻ്റെ ഇഷ്ടം തിളങ്ങിനിന്നു. അനായാസമായ വായന, വാക്കുകളുടെ ലാളിത്യം, നിറഞ്ഞുനിൽക്കുന്ന സഹാനുഭൂതി എന്നിവയെല്ലാം ചേർന്നാണ് ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയെ കേരളത്തിലെ പ്രഗൽഭരായ പത്രപ്രവർത്തകരിൽ ഒരാളാക്കി മാറ്റിയത്.