ജീവചരിത്രം

ചൊവ്വല്ലൂർ എന്ന പേരിൽ പ്രശസ്തനായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി 1936 ജൂലൈ മാസം 11-ന് ജനിച്ചു. ചൊവ്വല്ലൂർ വാരിയത്തെ പാറുക്കുട്ടി വാരസ്യാരും കൊടുങ്ങല്ലൂർ കോവിൽ വാരിയത്തെ ശങ്കുണ്ണി വാര്യരുമാണ് മാതാപിതാക്കൾ. കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ, ഏറെ പേരുകേട്ട ഗുരുവായൂർ ക്ഷേത്രത്തിന് സമീപമുള്ള ഒരു ഗ്രാമമാണ് ചൊവ്വല്ലൂർ. ശങ്കുണ്ണി വാര്യർ നിരവധി സ്കൂളുകളിൽ അദ്ധ്യാപകനും പ്രധാനാദ്ധ്യാപകനുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചൊവ്വല്ലൂർ ശിവക്ഷേത്രത്തിന്റെ ഊരാള സ്ഥാനമുള്ള ചിരപുരാതനമായ മഴവന്നൂർ മനയ്ക്കൽ ശ്രീകുമാരൻ നമ്പൂതിരിയുടെ പേരക്കുട്ടിയാണ് ചോവ്വല്ലൂർ കൃഷ്ണൻ കുട്ടി. ഊരാള സ്ഥാനമുള്ള ശ്രീകുമാരൻ നമ്പൂതിരിയാണ് ചൊവ്വല്ലൂർ ക്ഷേത്രത്തിലെ കഴകം ചൊവ്വല്ലൂർ വാരിയത്തേയ്ക്ക് അവകാശപ്പെടുത്തി കൊടുത്തത്. ഗുരുവായൂർ ക്ഷേത്രത്തിൽ പാരമ്പര്യമായി കഴകം (പത്ത് പ്രവൃത്തി) നടത്താൻ ചൊവ്വല്ലൂർ വാരിയത്തെ അവകാശപ്പെടുത്തിയത് കോഴിക്കോട് സാമൂതിരി രാജയാണ്.

ഇരിങ്ങപ്പുറം മാക്കുണ്ണി മെമ്മോറിയൽ സ്കൂളിലും മറ്റം സെൻ്റ് ഫ്രാൻസിസ് ഹൈസ്കൂളിലുമായിരുന്നു ചൊവ്വല്ലൂരിൻ്റെ പഠനം. അതിനുശേഷം തൃശ്ശൂർ കേരള വർമ്മ കോളേജിൽ ഉപരിപഠനത്തിനു ചേർന്നത് ചൊവ്വല്ലൂരിൻ്റെ ജീവിതത്തിൽ വലിയ വഴിത്തിരിവായി. കൂടെ താമസിച്ചിരുന്ന, ക്ഷേത്രകലകളിൽ വിദഗ്ധരായിരുന്ന നമ്പൂതിരി യുവാക്കളുമായുള്ള കൂട്ടുകെട്ട് ചൊവ്വല്ലൂരിൻ്റെ കലാവാസന വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു. സാമൂഹ്യ പരിഷ്കർത്താക്കളായ പ്രേംജി (എം.പി. ഭട്ടതിരിപ്പാട്), എം ആർബി (എം. ആർ. ഭട്ടതിരിപ്പാട്) എന്നിവരുമായി ഇക്കാലത്ത് അടുത്തിടപഴകാൻ കഴിഞ്ഞതും ചൊവ്വല്ലൂരിൻ്റെ ജീവിതത്തിൽ മാറ്റങ്ങൾക്ക് കാരണമായി.

തുടക്കം

ചൊവ്വല്ലൂരിൻ്റെ പത്രപ്രവർത്തന ജീവിതത്തിന് തുടക്കം കുറിക്കുന്നത് 1959-ലാണ്. പ്രമുഖ രാഷ്ട്രീയ നേതാവും സാഹിത്യ വിമർശകനുമായ ജോസഫ് മുണ്ടശ്ശേരി ചീഫ് എഡിറ്ററായ നവജീവൻ ദിനപ്പത്രത്തിലായിരുന്നു ആദ്യത്തെ ജോലി. ഇഎംഎസ് മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു മുണ്ടശ്ശേരി. കലകളിലും സാഹിത്യത്തിലുമുള്ള ചൊവ്വല്ലൂരിൻ്റെ താല്പര്യം വർദ്ധിപ്പിക്കുന്ന സാഹചര്യമായിരുന്നു അന്നത്തേത്. അതോടൊപ്പം, ചൊവ്വല്ലൂർ, ഗുരുവായൂർ ക്ഷേത്രങ്ങളിലെ കഴകം തുടരുകയും ചെയ്തു അദ്ദേഹം. നാടകങ്ങൾ അരങ്ങത്തെത്തിച്ച് പേരെടുത്ത ഗുരുവായൂർ ആർട്ട്സ് ക്ലബിൻ്റെ സ്ഥാപകാംഗങ്ങളിലൊരാൾ ചൊവ്വല്ലൂരാണ്. കെപിഎസി ലളിതയെപ്പോലുള്ള അഭിനേതാക്കൾ ഈ നാടകങ്ങളുടെ ഭാഗമായിരുന്നു

1960കളുടെ തുടക്കത്തിൽ കേന്ദ്ര സർക്കാറിൻ്റെ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭിച്ച ഒരു സ്കോളർഷിപ്പിൻ്റെ സഹായത്തോടെ കേരളത്തിൻ്റെ നാടൻ കലകളിൽ ഗവേഷണം നടത്താൻ ചൊവ്വല്ലൂരിന് കഴിഞ്ഞു. കലാമണ്ഡലം ചെയർമാനായിരുന്ന ഡോ. കെ. എൻ പിഷാരടിയുടെയും കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായിരുന്ന, നാടൻ കലകളുടെ പ്രചാരകനും നാടകകൃത്തും കവിയുമായ കാവാലം നാരായണ പണിക്കരുടെയും കീഴിലാണ് അദ്ദേഹം ഗവേഷണപ്രബന്ധം സമർപ്പിച്ചത്.

ഗുരുവായൂരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ സായാഹ്ന പത്രമായ സ്വതന്ത്ര മണ്ഡപത്തിൻ്റെ എഡിറ്ററായി 1963-ൽ ഇവിടെയെത്തിയ ചൊവ്വല്ലൂർ പിന്നീട് ഓൾ ഇന്ത്യ റേഡിയോയിൽ സ്റ്റാഫ് ആർട്ടിസ്റ്റായി കോഴിക്കോട് താമസം തുടങ്ങി. പ്രശസ്ത സാഹിത്യകാരനായ പി.സി. കുട്ടികൃഷ്ണൻ്റെ (ഉറൂബ്) കീഴിലായിരുന്നു ജോലി.

എഴുത്തുകാരുടെയും നാടക-സിനിമാ പ്രവർത്തകരുടെയും കലാകാരന്മാരുടെയും പ്രിയപ്പെട്ടയിടമായിരുന്നു അന്നത്തെ കോഴിക്കോട്. അവരെ പരിചയപ്പെടാനും അവർക്കൊപ്പം സമയം ചെലവഴിക്കാനും സൗഹൃദങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞത് ചൊവ്വല്ലൂരിൻ്റെ എഴുത്തിനെയും താല്പര്യങ്ങളെയും ഒരുപാട് സ്വാധീനിച്ചു.

മലയാള മനോരമ

മലയാളത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ദിനപ്പത്രമായ മലയാള മനോരമ 1966-ൽ കോഴിക്കോട് എഡിഷൻ തുടങ്ങിയപ്പോൾ ചൊവ്വല്ലൂർ സബ് എഡിറ്ററായി. പിന്നീടുള്ള നീണ്ട 38 വർഷം മനോരമയ്ക്കൊപ്പം. ന്യൂസ് ഡെസ്ക് ചീഫ്, ഒപ്പീനിയൻ/ലീഡർ പേജ് എഡിറ്റർ എന്നീ തസ്തികകളിൽ ജോലി ചെയ്ത ചൊവ്വല്ലൂർ കോഴിക്കോട്, കൊച്ചി യൂണിറ്റുകളിൽ അസിസ്റ്റൻ്റ് എഡിറ്ററായിരുന്നു. 2004-ൽ വിരമിച്ച് ചൊവ്വല്ലൂരിൻ്റെ ഏറ്റവും മികച്ച സാഹിത്യ-കലാ പ്രവർത്തനങ്ങളുടെ വർഷങ്ങൾ കൂടിയായിരുന്നു മനോരമക്കാലം.

ഗുരുവായൂർ ക്ഷേത്രത്തിൽ 1970-ലുണ്ടായ വൻ തീപിടുത്തം, അതിൻ്റെ എല്ലാ തീവ്രതയോടും കൂടി റിപ്പോർട്ട് ചെയ്തത് ചൊവ്വല്ലൂരാണ്. അപകടത്തെ തുടർന്നുള്ള നാടകീയ സംഭവങ്ങളൂം ജനങ്ങളുടെ പരിഭ്രാന്തിയും നാശനഷ്ടങ്ങളും നാടും നാട്ടുകാരും അറിഞ്ഞത് ചൊവ്വല്ലൂരിൻ്റെ വാക്കുകളിലൂടെയാണ്.

മനോരമയിലെ ജോലിക്കാലത്ത് പല പ്രമുഖ രാഷ്ട്രീയ നേതാക്കളെയും പ്രതിഭകളെയും ഇൻ്റർവ്യു ചെയ്യാനും ചൊവ്വല്ലൂരിന് കഴിഞ്ഞു. ഇതിൽ എടുത്തുപറയേണ്ട പേരുകളാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും, എം ജി ആറും ജയലളിതയും ശിവാജി ഗണേശനും. ആരുടെയും ഉള്ള് തുറക്കാൻ കഴിയുന്ന ചോദ്യങ്ങളും കൃത്യമായ അളവിൽ തമാശ കലർത്തിയുള്ള എഴുത്തും ഈ അഭിമുഖങ്ങളെ ഏറെ ശ്രദ്ധേയമാക്കി. മായം മറിമായം എന്ന പംക്തിയും ആചാര്യൻ, വിനോദൻ എന്നീ പേരുകളിൽ എഴുതിയ ഹാസ്യം നിറഞ്ഞ കുറിപ്പുകളും ചൊവ്വല്ലൂരിനെ മലയാളികൾക്കിടയിലെ താരമാക്കി. ഇവയിൽ ചില കുറിപ്പുകൾ പിന്നീട് പുസ്തകങ്ങളായി പ്രസിദ്ധീകരിക്കപ്പെടൂകയും ചെയ്തു.

പദവികൾ, തസ്തികകൾ

സജീവ പത്രപ്രവർത്തനത്തിൽ നിന്ന് വിരമിക്കാറായപ്പോഴേയ്ക്കും ആയിരക്കണക്കിന് ഭക്തിഗാനങ്ങളുടെ രചയിതാവ് എന്ന നിലയിൽ കേരളത്തിലും പുറം നാടുകളിലെ മലയാളി സമൂഹങ്ങളിലും ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി എന്ന പേരു ഏറെ പരിചിതമായി മാറിക്കഴിഞ്ഞിരുന്നു. ഈ സമയത്ത് തന്നെ കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി എന്നിവയിൽ അംഗമായിരുന്നു ചൊവ്വല്ലൂർ. രണ്ട് പ്രാവശ്യം കേരള കലാമണ്ഡലത്തിൻ്റെ വൈസ് ചെയർമാനുമായി. ഈ പദവിയിലിരിക്കുമ്പോഴാണ് പ്രമുഖ കഥകളി കലാകാരന്മാരുടെ ഒരു സംഘത്തോടൊപ്പം അദ്ദേഹം ഇംഗ്ലണ്ട് സന്ദർശിക്കുന്നത്. ഗുരുവായൂർ ദേവസ്വത്തിൻ്റെ പ്രസിദ്ധീകരണമായ ഭക്തപ്രിയയുടെ ആരംഭ നാളുകൾ മുതൽ അതിൻ്റെ എഡിറ്റോറിയൽ ബോർഡ് അംഗമാണ് ചൊവ്വല്ലൂർ. ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന ശ്രീ ഗുരുവായൂരപ്പൻ മാസികയുടെയും നൊസ്റ്റാൾജിയ, ലൈഫ്സ്റ്റൈൽ തുടങ്ങിയ മാഗസിനൂകളുടെയും ഭാഗമായിരുന്നു

...
കേരള സാഹിത്യ അക്കാദമി
...
കേരള കലാമണ്ഡലം
...
കേരള സംഗീത നാടക അക്കാദമി

വെള്ളിത്തിരയിലേയ്ക്ക്

കഥ, തിരക്കഥ, സംഭാഷണം, ഗാനരചൻ, അഭിനയം എന്നിങ്ങനെ മലയാള സിനിമയുടെ വിവിധ രംഗങ്ങളിൽ തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ചൊവ്വല്ലൂർ. മരം, നെല്ല്, ശാലിനി എൻ്റെ കൂട്ടുകാരി എന്നിങ്ങനെ ജനപ്രീതി നേടിയ ഒരുപിടി ചലച്ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. പ്രശസ്ത സംവിധായകരായ രാമു കാര്യാട്ട്, ഹരിഹരൻ, ഗാനരചയിതാവ് പി. ഭാസ്കരൻ, നടൻ മധു എന്നിങ്ങനെ സിനിമാ മേഖലയിലെ പ്രമുഖരുമായി അടുത്ത സൗഹൃദവും ചൊവ്വല്ലൂരിനുണ്ടായിരുന്നു. മധു നിർമിച്ച്, പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത പ്രഭാതസന്ധ്യയാണ് ചൊവല്ലൂർ കഥയും തിരക്കഥയും സംഭാഷണവും രചിച്ച ആദ്യ ചിത്രം. ഒരു കഥ ഒരു നുണക്കഥ എന്ന സിനിമയുടെ കഥയും അദ്ദേഹത്തിൻ്റേതാണ്. 1992-ൽ തിയറ്ററുകളിൽ എത്തിയ, മലയാള സിനിമയിൽ തരംഗം സൃഷ്ടിച്ച ഹരിഹരൻ ചിത്രമായ സർഗത്തിൻ്റെ സംഭാഷണം ഒരുക്കിയതും ചൊവ്വല്ലൂരാണ്. ശ്രീരാഗം, ചൈതന്യം, ശശിനാസ് എന്നീ സിനിമകളുടെ തിരക്കഥ രചിച്ച ചൊവ്വല്ലൂരിൻ്റെ പേരിൽ സിനിമാഗാനങ്ങളും പലതുണ്ട്. തുലാവർഷം എന്ന ചിത്രത്തിൽ സലീൽ ചൗധരി ഈണം നൽകി, എസ്. ജാനകി പാടിയ സ്വപ്നാടനം ഞാൻ തുടരുന്നു എന്ന ഗാനമാണ് ഇവയിൽ ഏറ്റവും ശ്രദ്ധേയം.

റേഡിയോക്കാലം

ആകാശവാണി ക്ക് വേണ്ടി ഒട്ടേറെ നാടകങ്ങൾ രചിച്ച ചൊവ്വല്ലൂർ അവയിലെ ചില വേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. ചന്തു മേനോൻ്റെ പ്രശസ്ത നോവലായ ഇന്ദുലേഖ ആകാശവാണി പ്രക്ഷേപണം ചെയ്തപ്പോൾ സൂരി നമ്പൂതിരിപ്പാട് ആയി ശ്രോതാക്കളെ രസിപ്പിച്ചത് മറ്റാരുമല്ല. കഥകളിയിൽ പകരം വയ്ക്കാനില്ലാത്ത കലാകാരന്മാർ ആയ കലാമണ്ഡലം രാമൻകുട്ടി നായർ, ചമ്പക്കുളം പാച്ചു പിള്ള, കാവുങ്കൽ ചാത്തുണ്ണി പണിക്കർ, കീഴ്‌പ്പടം കുമാരൻ നായർ, കുടമാളൂർ കരുണാകരൻ നായർ എന്നിവരെയും പ്രശസ്ത മോഹിനിയാട്ടം നർത്തകിയായ കലാമണ്ഡലം കല്യാണിക്കുട്ടി അമ്മയെയും കുറിച്ച് ഡോക്യുമെൻ്ററികൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതത്തെ കുറിച്ച് ദൂരദർശന് വേണ്ടി ഒരു ഡോക്യുമെൻ്ററിയും രചിച്ചിട്ടുണ്ട് ചൊവ്വല്ലൂർ.

അക്ഷരങ്ങളിൽ ജീവിച്ച ഒരാൾ

ആറ് പതിറ്റാണ്ടോളം നീണ്ടുനിന്ന സാഹിത്യ ജീവിതത്തിൽ ചൊവ്വല്ലൂർ രചിച്ച 27 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ കവിതയുണ്ട്, നോവലും ചെറുകഥകളും ഉണ്ട്, വിമർശനങ്ങളും ഹാസ്യ രചനകളും ഉണ്ട്. പഠനകാലത്ത്, കേരള സാഹിത്യ സഹകരണ സംഘത്തിൻ്റെ വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കവിതാ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ ചൊവ്വല്ലൂ രിൻ്റെ സാഹിത്യ താൽപര്യങ്ങൾ പിന്നീട് കഥയിലേയ്ക്കും നോവലി ലേയ്ക്കും എത്തി. ഹാസ്യരചനയിൽ വേറിട്ട മുദ്ര പതിപ്പിച്ച ഈ പ്രതിഭയുടെ സാഹിത്യ സൃഷ്ടികളുടെ അടിസ്ഥാന ഭാവവും പലപ്പോഴും ഹാസ്യമാണ്.

കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള അരങ്ങുകളിൽ അവതരിക്കപ്പെട്ട ഒട്ടേറെ നാടകങ്ങളുടെ രചയിതാവാണ് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി. മലയാള മനോരമയിൽ ലീഡർ പേജിൽ ഉൾപ്പെടെ കേരളത്തിൻ്റെ തനതായ കലാരൂപങ്ങളെയും കലാകാരൻ മാരെയും കുറിച്ച് സ്ഥിരമായി എഴുതി അവരെ പൊതുശ്രദ്ധയിൽ കൊണ്ടുവന്നതിൻ്റെ ക്രെഡിറ്റ് അദ്ദേഹത്തിനാണ്. മാതൃഭൂമി, ഭാഷാപോഷിണി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതിയിരുന്ന ചൊവ്വല്ലൂരിന് ഒരു സാഹിത്യ ശൈലിയിൽ നിന്ന് മറ്റൊന്നിലേക്ക് അനായാസം മാറാൻ സാധിക്കുമായിരുന്നു.

നാടകത്തിലെ ഏറ്റവും മികച്ച ഗാനത്തിനുള്ള കേരള സർക്കാരിൻ്റെ അവാർഡ് ചൊവ്വല്ലൂരിന് നേടിക്കൊടുത്തത് അഗ്രഹാരം എന്ന നാടകമാണ്. അനുകരണങ്ങളും അനുരണനങ്ങളും എന്ന കൃതിയിലൂടെ കേരള സാഹിത്യ അക്കാദമിയുടെ ഹാസ്യ രചനയ്ക്കുള്ള പുരസ്കാരവും അദ്ദേഹം നേടി.

എന്നും ഓർമയിൽ ഈ ഗാനങ്ങൾ

സാഹിത്യ – കലാ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി മൂവായിരത്തോളം ഭക്തി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. അവയിൽ ഏറെയും ഗുരുവായൂരപ്പനെ കുറിച്ചാണ്. ലളിതമായ, മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന വരികളുള്ള ഈ ഗാനങ്ങൾ ലോകമൊട്ടാകെയുള്ള മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.

ഗാനരചയിതാവ് എന്ന നിലയിൽ പല വിഭാഗങ്ങളിലായി 3500- ൽ ഏറെ ഗാനങ്ങൾ അദ്ദേഹത്തിൻ്റെ പേരിലുണ്ട്. കൂടുതലും ഭക്തിഗാനങ്ങൾ. ഇതിൽ ഏറ്റവും പ്രശസ്തമായ പല ഗാനങ്ങൾ പാടിയത് ഗാന ഗന്ധർവൻ യേശുദാസും ഭാവ ഗായകൻ ജയചന്ദ്രനും ആണ്. വരികളിലെ ഭക്തിയുടെ ഭാവത്തെ പതിന്മടങ്ങ് വർദ്ധിപ്പിക്കുന്ന ശബ്ദം. പി. ലീല, കെ. എസ് ചിത്ര, സുജാത, എം.ജി ശ്രീകുമാർ, ജി വേണുഗോപാൽ, ഉണ്ണി മേനോൻ, മധു ബാലകൃഷ്ണൻ, ബിജു നാരായണൻ, പി.ഉണ്ണികൃഷ്ണൻ, ജയശ്രീ, സുകുമാരി നരേന്ദ്ര മേനോൻ എന്നിങ്ങനെ എല്ലാ പ്രമുഖ ഗായകരും ചൊവ്വല്ലൂരിൻെറ വരികൾക്ക് ശബ്ദം പകർന്നിട്ടുണ്ട് . പ്രശസ്ത സംഗീത സംവിധായകൻ ടി. എസ് രാധാൃഷ്ണനാണ് ഈ ഗാനങ്ങളിൽ ഏറെയും ചിട്ടപ്പെടുത്തിയത്. ഏറ്റവും പേരുകേട്ട, യേശുദാസ് പാടിയ ” ഒരു നേരമെങ്കിലും” ഉൾപ്പെടെ.

കർണാടക സംഗീതാചാര്യൻ ദക്ഷിണാമൂർത്തി മുതൽ കെ. രാഘവൻ മാസ്റ്റർ, ജയൻ, എം ജയചന്ദ്രൻ, ശരത്, എ.ടീ ഉമ്മർ, പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, ഗംഗൈ അമരൻ, ജെറി അമൽദേവ് ഉൾപ്പെടെയുള്ള സംഗീത സംവിധായകർ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ ഗാനങ്ങളുടെ ഭാഗമായിട്ടുണ്ട്

സൗഹൃദങ്ങളുടെ ഉൽസവം

വളരെ വിശാലമായിരുന്നു ചൊവ്വല്ലൂരിൻ്റെ സൗഹൃദ വലയം. സാഹിത്യകാരന്മാർ, കവികൾ, സംഗീതജ്ഞർ, പലതരത്തിലും തലത്തിലുമുള്ള കലാകാരന്മാർ, വാദ്യക്കാർ, മേളക്കാർ, കലാമണ്ഡലത്തിലെ കലാകാരന്മാർ, രാഷ്ട്രീയ പ്രവർത്തകർ ..എന്നിങ്ങനെ ചൊവ്വല്ലൂർ നെഞ്ചോട് ചേർത്തുനിർത്തിയവർ ഏറെയാണ്.

തിരുവെങ്കിടം ചന്ദ്രേട്ടൻ, നാരായണാലയത്തിലെ എ. വേണു ഗോപാലൻ, കൊളാടി ഗോവിന്ദൻ കുട്ടി, പി.ടി മോഹന കൃഷ്ണൻ, ഗുരുവായൂർ ദേവസ്വത്തിലെ മുൻ ഡപ്യൂട്ടി അഡ്മിനിസ്ടേറ്റർ കെ.പി.കരുണാകരൻ, ജയശ്രീയിലെ എളയിടം ശങ്കരൻ നമ്പൂതിരി, ഗുരുസ്വാമി, എം.ഉണ്ണികൃഷ്ണൻ (കുന്നംകുളം) കലാമണ്ഡലം ഗോപിയാശാൻ , കലാമണ്ഡലം ഗീതാനന്ദൻ, പി. ലക്ഷ്മണ പൈ (സബുഡു), പി.വി. ശേഖരൻ കുട്ടി, സീതാറാം സ്വാമി തുടങ്ങി ഏറെപ്പേരുണ്ട് ആദ്യകാലം മുതൽക്കേ ഈ സൗഹൃദക്കൂട്ടത്തിൽ.

ഗുരുസ്ഥാനീയരായ ഒരുപാടുപേരോട് എന്നും ബഹുമാനവും സ്നേഹവും കാത്തുസൂക്ഷിച്ചിരുന്നു ചൊവ്വല്ലൂർ. മലയാള മനോരമയിലെ കെ ആർ ചുമ്മാർ, ടി.കെ.ജി.നായർ, അക്കിത്തം, പി.സി കുട്ടികൃഷ്ണൻ (ഉറൂബ്), പ്രേംജി, എം.ആർ.ബി, കോവിലൻ, വി.കെ.എൻ, എം.ടി വാസുദേവൻ നായർ, എൻ വി കൃഷ്ണവാരിയർ, തിക്കോടിയൻ, വി.ദക്ഷിണാമൂർത്തി സ്വാമി, കെ.രാഘവൻ മാഷ് , എം.കെ അർജുനൻ മാഷ്, വിദ്യാധരൻ മാഷ്, കാവാലം നാരായണ പണിക്കർ തുടങ്ങിയവരോടുള്ള അടുപ്പം എന്നും അദ്ദേഹം അഭിമാനമായി കൊണ്ടുനടന്നു.

മൂന്ന് ദശാബ്ദത്തിലേറെക്കാലം ജോലി ചെയ്ത മലയാള മനോരമ കുടുംബത്തിലെ ഓരോ വ്യക്തികളുമായും, പ്രത്യേകിച്ച് കെ എം മാത്യു സാർ, മാമൻ മാത്യു സാർ, ഫിലിപ്പ് മാത്യു സാർ, ജേക്കബ് മാത്യു സാർ എന്നിവരുടെ കുടുംബങ്ങളുമായും, വളരെയധികം സ്നേഹബന്ധം പുലർത്തിയിരുന്നു ചൊവ്വല്ലൂർ, അകമഴിഞ്ഞ കടപ്പാടും. മനോരമയിലെ സഹപ്രവർത്തകർ തോമസ് ജേക്കബ്, കെ അബുബക്കർ, കടവനാട് കുട്ടിക്കൃഷ്ണൻ, പി.പി.മാത്യു, മാത്യൂസ് വർഗ്ഗീസ്, എം അരവിന്ദാക്ഷൻ, കെ അരവിന്ദൻ, കെ. ജെ ജെയിംസ്, ടി നാരായണൻ, പി ദാമോദരൻ, മാത്യു മണിമല, ജോയ് ശാസ്താംപടിക്കൽ, പി അരവിന്ദാക്ഷൻ ഇങ്ങനെ ഒട്ടേറെ സുഹൃത്തുക്കളുമായും അവരുടെ കുടുംബങ്ങളുമായും ചൊവ്വല്ലൂരിനും ചൊവ്വല്ലൂരിന്റെ കുടുംബത്തിനും വർഷങ്ങളായി വളരെ അടുപ്പം ഉണ്ട്.

രാമു കാര്യാട്ട്, ശോഭന പരമേശ്വരൻ നായർ, മധു, ഹരിഹരൻ ,കെ.പി.എസി ലളിത, ഇന്നസന്റ്, സത്യൻ അന്തിക്കാട്, പി.ചന്ദ്രകുമാർ, നെടുമുടി വേണു, ഇന്നസെന്റ്, കെ എൽ മോഹനവർമ്മ, സി രാധാകൃഷ്ണൻ, കെ ജെ യേശുദാസ്, കെ. സുജാത, കെ.എസ് ചിത്ര, പി.ലീല, പി.ജയചന്ദ്രൻ, ടി.എസ് രാധാകൃഷ്ണൻ, എം.ജയചന്ദ്രൻ, കാവാലം ശ്രീകുമാർ, രാധിക തിലക്, മധു ബാലകൃഷ്ണൻ , ബിജു നാരായണൻ, ജി.വേണുഗോപാൽ, ജയശ്രീ രാജീവ്, സിന്ധു പ്രേംകുമാർ, കോട്ടയ്ക്കൽ മധു തുടങ്ങി ഇതര മേഖലയിലെ പ്രഗൽഭരുമായും മറ്റു കലാരംഗങ്ങളിലുള്ളവരുമായും വലിയ ആത്മബന്ധമുണ്ടായിരുന്നു ചൊവ്വല്ലൂരിന്.

വാദ്യരംഗത്തെ പ്രഗൽഭരായ പല്ലാവൂർ സഹോദരൻമാർ, കടവല്ലൂർ അരവിന്ദാക്ഷൻ, എടപ്പാൾ അപ്പുണ്ണി, തൃത്താല കേശവപ്പൊതുവാൾ, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കല്ലേകുളങ്ങരെ അച്ചുതൻകുട്ടി മാരാർ, പെരുവനം കുട്ടൻ മാരാർ, കല്ലൂർ രാമൻകുട്ടി മാരാർ തുടങ്ങി അനേകം പേർ ചൊവ്വല്ലൂരിന് സ്വന്തമായിരുന്നു.

കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിലെ മാനേജിംഗ് ട്രസ്റ്റി കുട്ടിമ്മാൻ (പി.കെ.വാരിയർ) ഉൾപ്പെടെ കൈലാസ മന്ദിരത്തിലെ എല്ലാവരുമായി ചൊവ്വല്ലൂർ വളരെ അടുപ്പത്തിലായിരുന്നു. സ്വന്തം തറവാട്ടിൽ വരുന്ന പ്രതീതിയാണ് കൈലാസ മന്ദിരത്തിലെത്തിയാലെന്ന് പറയുമായിരുന്നു ചൊവ്വല്ലൂർ. കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി യുമായും മധുര ആര്യ വൈദ്യാലയവുമായും അദ്ദേഹത്തിന് വളരെ അടുത്ത ബന്ധമായിരുന്നു.

ഗുരുവായൂർ ദേവസ്വത്തിലെ തന്ത്രി കുടുംബം, ഓതിയ്ക്കൻ കുടുംബം, കീഴ്ശാന്തി കുടുംബം, പത്തു പ്രവൃത്തിക്കാർ ഉൾപ്പടെയുള്ള മറ്റു പാരമ്പര്യ അവകാശ കുടുംബക്കാരുമായും കൂടാതെ ദേവസ്വത്തിലെ വിവിധ തലത്തിലെ ഉദ്യോഗസ്ഥരുമായും സ്നേഹവും സൗഹൃദവും പുലർത്തുവാൻ എന്നും ചൊവ്വല്ലുർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ചൊവ്വല്ലൂർ തേവരും ഗുരുവായൂരപ്പനും കഴിഞ്ഞാൽ അദ്ദേഹം നിറഞ്ഞ ഭക്തിപുരസ്സരത്തോടെ ഹൃദയത്തിൽ ചേർത്തു വച്ചത് ഗുരുവായൂർ നാരായണാലയത്തിലെ തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിയെയാണ്. ആഞ്ഞം കൃഷ്ണൻ നമ്പൂതിരിയുമായും നാരായണാലയം അന്തേവാസികളുമായും ഏറെ അടുപ്പം പുലർത്തിയിരുന്നു. നാരായണാലയത്തിലെ ഏതൊരു കാര്യത്തിനും ആദ്യവസാനം ശ്രമിക്കാൻ കൃഷ്ണൻകുട്ടി വേണമെന്ന് ആഞ്ഞം തിരുമേനിയ്ക്ക് പ്രത്യേക താൽപര്യമുണ്ടായിരുന്നു പിന്നീട് നാരായണാലയത്തിന്റെ ആചാര്യ സ്ഥാനത്തുവന്ന തിരുനാമാചാര്യന്റെ ശിഷ്യൻ കൂടിയായ നല്ലേപ്പള്ളി സൻമയാനന്ദ സ്വാമിയുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു ചൊവ്വല്ലൂർ.

ചൊവ്വല്ലൂർ കുടുംബം