സിനിമ

ചലച്ചിത്രരംഗത്ത് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്ക് ഒന്നിലേറെ റോളുകളുണ്ട്. ഗാനരചനയ്ക്കൊപ്പം തിരക്കഥ രചിച്ചിട്ടുണ്ട് അദ്ദേഹം, അതോടൊപ്പം നടൻ എന്ന നിലയിലും ശ്രദ്ധേയനായി.
സാഹിത്യത്തോടൊപ്പം സിനിമയും കുട്ടിക്കാലം മുതലേ ചൊവ്വല്ലൂരിൻ്റെ ഇഷ്ടമേഖലയായിരുന്നു. പത്രപ്രവർത്തകനായി ജോലി ചെയ്യുന്ന കാലത്ത് സിനിമാരംഗത്ത് എത്തിപ്പെടാൻ കാരണമായത് അദ്ദേഹത്തിൻ്റെ വിശാലമായ സൗഹൃദവലയവും പരിചയക്കാരുടെ സ്നേഹപൂർവമായ ഇടപെടലും തന്നെയാണ്.

എഴുത്തിലും ഗാനരചനയിലുമുള്ള അദ്ദേഹത്തിൻ്റെ പ്രാവീണ്യം ആദ്യമായി പരിചയപ്പെടുന്നവരിൽ പോലും വലിയ മതിപ്പ് സൃഷിക്കുമായിരുന്നു. നടൻ മധുവുമായുള്ള അങ്ങനെയൊരു കൂടിക്കാഴ്ചയാണ് ചൊവ്വല്ലൂരിൻ്റെ സിനിമാജീവിതത്തിന് തുടക്കമായത്. പുതിയ അവസരങ്ങളിലേയ്ക്കും പ്രശസ്തിയിലേയ്ക്കുമുള്ള തുടക്കം.

അതേക്കുറിച്ച് ചൊവ്വല്ലൂർ പറയുന്നത് ഇങ്ങനെയാണ്: ”കോഴിക്കോട് വന്നപ്പോഴാണ് മധു സാറിനെ പരിചയപ്പെടുന്നത്. ഞാൻ കഥകൾ എഴുതാറുണ്ടെന്നറിഞ്ഞപ്പോൾ പ്രസിദ്ധീകരിച്ച ഏതെങ്കിലും പുസ്തകം കൊണ്ടുവരാൻ അദ്ദേഹം പറഞ്ഞു. ഞാൻ കൊടുത്ത പുസ്തകങ്ങളിലൊന്നിലെ ഒരു കഥ അദ്ദേഹത്തിന് ഇഷ്ടമായി. ഇത് നമുക്ക് സിനിമയാക്കാം എന്ന് പറഞ്ഞപ്പോൾ ഞാൻ ശരിയ്ക്കും അദ്ഭുതപ്പെട്ടുപോയി. എൻ്റെ കഥയോ, സിനിമയോ! ഇങ്ങനെയാണ് എല്ലാവരും എഴുതുന്നതെന്ന് മധു സാർ പറഞ്ഞു. അങ്ങനെ എൻ്റെ കഥയും തിരക്കഥയും സംഭാഷണവുമായി പ്രഭാതസന്ധ്യ ഉണ്ടായത്.”

1979-ൽ റിലീസ് ചെയ്ത ഈ ചിത്രം മധുവിൻ്റെ ആദ്യത്തെ നിർമ്മാണസംരംഭമായിരുന്നു. പ്രധാന റോൾ ചെയ്ത മധുവിനൊപ്പം സോമൻ, ശ്രീവിദ്യ തുടങ്ങിയ താരങ്ങളും. പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത പ്രഭാതസന്ധ്യ അക്കാലത്തെ ഹിറ്റുകളിലൊന്നാണ്.

തുലാവർഷം, നദി മുതൽ നദി വരെ, കലോപാസന, പഞ്ചവടിപ്പാലം, അഷ്ടബന്ധം, ആന, അല്ലിമലർകാവ് എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങൾക്കായി ഗാനങ്ങൾ രചിച്ച ചൊവ്വല്ലൂർ ശ്രീരാഗം, ചൈതന്യം, ശശിനാസ്, കർപ്പൂരദീപം തുടങ്ങിയ സിനിമകളുടെ തിരക്കഥയും രചിച്ചു.

ഹരിഹരൻ സംവിധാനം ചെയ്ത സർഗം എന്ന ചിത്രത്തിൻ്റെ സംഭാഷണം ഒരുക്കിയത് ചൊവ്വല്ലൂരാണ്. പ്രേക്ഷകശ്രദ്ധയും പുരസ്കാരങ്ങളും നേടിയ സർഗം മലയാള സിനിമയിൽ പുതിയൊരു കാലഘട്ടത്തിൻ്റെ തുടക്കം കുറിച്ചു. എം.ടി ഉൾപ്പെടെയുള്ള പ്രമുഖർ പ്രശംസിച്ച ഈ ചിത്രത്തിലൂടെ ചൊവ്വല്ലൂരിൻ്റെ സർഗപ്രതിഭയും ഏറെ അംഗീകരിക്കപ്പെട്ടു.

സിനിമാരംഗത്തെ ചൊവ്വല്ലൂരിൻ്റെ സാന്നിധ്യം ക്യാമറയ്ക്ക് പിന്നിൽ മാത്രമല്ല, മുന്നിലുമുണ്ട്. നിരവധി ചിത്രങ്ങളിൽ പ്രധാന നടീനടന്മാർക്കൊപ്പം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു.

മരം, നെല്ല്, തിരുവോണം, സൃഷ്ടി, ശാലിനി എൻ്റെ കൂട്ടുകാരി എന്നീ ചിത്രങ്ങളിൽ നടൻ്റെ റോളിൽ ചൊവ്വല്ലൂരുണ്ട്. മലയാള സിനിമയുമായി ദശാബ്ദങ്ങളുടെ ബന്ധമുണ്ട് ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിക്ക്. അതിലൂടെ സ്വന്തമാക്കിയ സൗഹൃദങ്ങളും ഏറെ. സംവിധായകരും നിർമ്മാതാക്കളും നടീനടന്മാരും ഉൾപ്പെടുന്ന ഈ ചങ്ങാതിക്കൂട്ടത്തിലെ പ്രധാനികളിൽ ചിലരാണ് രാമു കാര്യാട്ടും സത്യൻ അന്തിക്കാടും ഹരിഹരനും മോഹനും ഇന്നസെൻ്റും സോമനും നെടുമുടി വേണുവും ഷാജി എൻ. കരുണും ജയറാമും പി. വി ഗംഗാധരനും കെ.പി.എ.സി ലളിതയും വി.കെ ശ്രീരാമനും.

ജീവിതത്തിൽ ഒരു റോളിൽ ഒതുങ്ങിനിന്നില്ല ചൊവ്വല്ലൂർ. അദ്ദേഹത്തിൻ്റെ ബഹുമുഖ പ്രതിഭയുടെ തിളക്കത്തിൽ മലയാള സിനിമയും സമ്പന്നമായി.

ചലച്ചിത്ര സംഭാവനകൾ

നടൻ

  • മരം - 1973
  • നെല്ല് - 1974
  • തിരുവോണം - 1975
  • സൃഷ്ടി - 1976
  • ശാലിനി എന്റെ കൂട്ടുകാരി - 1978
  • അന്യരുടെ ഭൂമി - 1979

തിരക്കഥ

  • പ്രഭാത സന്ധ്യ - പ്രഭാത സന്ധ്യ
  • ചൈതന്യം - ചൈതന്യം
  • ശ്രീരാഗം - ശ്രീരാഗം
  • കർപ്പ്പൂര ദ്വീപം - കർപ്പ്പൂര ദ്വീപം

ചലച്ചിത്ര സംഭാവനകൾ

  • പ്രഭാത സന്ധ്യ - 1979
  • ഒരു കഥ ഒരു നുണക്കഥ - 1986
  • ശ്രീരാഗം - 1995

ചലച്ചിത്ര സംഭാവനകൾ

  • സർഗം - 1992