വർഷങ്ങളായി കേരളത്തിൻ്റെ തനത് കലകൾ, സംസ്കാരം, സാഹിത്യം, ഭക്തിഗാനരചന, ആത്മീയത എന്നിവയുമായി ഇടചേർന്നുനിൽക്കുന്ന പേരാണ് ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയുടേത്. രാജ്യത്തിന് പുറത്തുള്ള മലയാളി കൂട്ടായ്മകളിലൂം അദ്ദേഹത്തിൻ്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. തൻ്റെ അപാരമായ അറിവും പ്രചോദനാത്മക ചിന്തകളും വ്യത്യസ്തമായ കാഴ്ചപ്പാടുകളും പങ്കുവച്ച് ഈ സദസ്സുകളെ അദ്ദേഹം പ്രകാശമാനമാക്കി
കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവയിലെ അംഗം എന്ന നിലയിൽ ഏറെക്കാലം ചൊവ്വല്ലൂർ സംസ്ഥാനത്തിൻ്റെ സാംസ്കാരിക വേദികളിൽ നിറഞ്ഞുനിന്നു. രണ്ടു പ്രാവശ്യം കേരള കലാമണ്ഡലത്തിൻ്റെ വൈസ്-ചെയർമാൻ പദവിയും അദ്ദേഹത്തിന് ലഭിച്ചു. പല സാഹിത്യ അവാർഡുകളുടെയും ഫിലിം ഫെസ്റ്റിവലുകളുടെയും ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട് ചൊവ്വല്ലൂർ.
ഔദ്യോഗിക പദവികൾ ഏതായാലും അവ നാടൻ കലകളുടെയും കലാകാരന്മാരുടെയും പ്രോത്സാഹനത്തിനും പ്രചാരത്തിനുമായി വിനിയോഗിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. കലാപരിപാടികളും ക്യാമ്പുകളും സംഘടിപ്പിക്കാൻ മുൻ കൈയെടുത്തു. കലാമണ്ഡലത്തിൻ്റെ വൈസ്-ചെയർമാനായിരുന്ന സമയത്ത് പേരുകേട്ട കഥകളി കലാകാരന്മാരുടെ ഒരു സംഘവുമായി ഇംഗ്ലണ്ട് പര്യടനവും നടത്തി.
ഇംഗ്ലണ്ടിലെ കേരള ആർട്ട്സ് & ലിറ്റററി അസോസിയേഷൻ്റെ (കല) പ്രവർത്തനവിജയത്തിൽ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്. ഒരു വിദേശരാജ്യത്ത് കേരളത്തിൻ്റെ തനത് സംസ്കാരം വളർത്താനും കാത്തുസൂക്ഷിക്കാനും അസോസിയേഷൻ നടത്തിയ ശ്രമങ്ങൾക്ക് വേണ്ട എല്ലാ പ്രോത്സാഹനവും പിന്തുണയുമായി എന്നും ചൊവ്വല്ലൂർ കൂടെയുണ്ടായിരുന്നു. കലയുടെ ആമുഖ ഗാനം എഴുതിയതും അദ്ദേഹം തന്നെ. അസോസിയേഷൻ്റെ വാർഷികാഘോഷത്തിന് തുടക്കം കുറിച്ച് വിളക്ക് കൊളുത്തുമ്പോൾ ആലപിക്കുന്നത് ഈ ഗാനമാണ്.
കലയുടെ സാഹിത്യ-സിനിമാ ആസ്വാദന ക്ലബിന് നടുമുറ്റം എന്ന പേരു നൽകിയതും ചൊവ്വല്ലൂരാണ്. മുതിർന്നവരോടും കുട്ടികളോടും ഇടപഴകാനും സ്വന്തം വേരുകളുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാൻ അവരെ സഹായിക്കാനും അദ്ദേഹം മുൻ കൈയെടുത്തിരുന്നു.
മലയാള മനൊരമയിലെ ജോലിയിൽ നിന്ന് വിരമിച്ചശേഷം പല പ്രസിദ്ധീകരണങ്ങൾക്കും മാർഗനിർദ്ദേശങ്ങൾ നൽകി കൂടെ നിന്നിട്ടുണ്ട് ചൊവ്വല്ലൂർ. വിവിധങ്ങളായ പ്രവർത്തങ്ങളിലൂടെ കേരളത്തിൻ്റെ കലാ-സാംസ്കാരിക രംഗത്തിന് വിലമതിക്കാനാവാത്ത സംഭാവനകളാണ് അദ്ദേഹം നൽകിയത്.